കൊച്ചി: മൊബെയില്‍ ഫോണുകളുടേയും ടവറുകളുടേയും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭീതിക്ക് അടിസ്ഥാനമില്ലെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ പരിസ്ഥിതി-ശിശു ആരോഗ്യ ഗ്രൂപ്പിലെ ഡോക്ടര്‍മാര്‍ റേഡിയേഷന് അപകടങ്ങളെക്കുറിച്ചും മൊബെയില്‍ ടവറുകളില്‍ നിന്നുള്ള വികിരണവുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങളെക്കുറിച്ചും കൊച്ചിയില്‍ ചര്‍ച്ച നടത്തി. ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങളും ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങളും പരിഗണിക്കുകയുണ്ടായി. ലോകാരോഗ്യ സംഘടന പുറപ്പെടുവിപ്പിച്ച അഡ്വൈസറിയാണ് ഇക്കാര്യത്തില്‍ ഏറ്റവും സമഗ്രമായതെന്നും എല്ലാ സംശയങ്ങളും ദുരീകരിക്കുന്നതാണിതെന്നും ചൂണ്ടിക്കാട്ടിയ ഈ ഗ്രൂപ്പ് ഇതുമായി ബന്ധപ്പെട്ട് പല വേളകളിലും പ്രസിദ്ധീകരിക്കപ്പെട്ട രീതിയില്‍ ഭീതി ഉയര്‍ത്തുന്നത് ആശാസ്യമല്ലെന്നും അഭിപ്രായപ്പെട്ടു.
മൊബെയില്‍ ടവര്‍ റേഡിയേഷന് മൂലം അര്‍ബുദമോ അതു പോലുള്ള മറ്റു രോഗങ്ങളോ ഉണ്ടാകുന്നതായി കാണിക്കുന്ന ഒരു കണ്ടെത്തലും ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വീണ്ടും ഉറപ്പിച്ചു ചൂണ്ടിക്കാട്ടിയിട്ടുള്ളതായി ഐ.എ.പി.യുടെ പരിസ്ഥിതി ചാപ്റ്റര്‍ സെക്രട്ടറി ഡോ. ആര്. രമേഷ് കുമാര്‍ പറഞ്ഞു. ഗര്‍ഭിണികളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും അടക്കം എല്ലാവിഭാഗങ്ങളേയും കണക്കിലെടുത്ത് അവര്‍ക്ക് ആവശ്യമായ സുരക്ഷാ മാര്‍ജിനുകള്‍ പ്രദാനം ചെയ്തു കൊണ്ടാണ് ലോകാരോഗ്യ സംഘടന വികിരണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഈ വിഷയം ലോകാരോഗ്യ സംഘടന സ്ഥിരമായി നിരീക്ഷിച്ച് വിശകലനം ചെയ്ത് പുതിയ അഡ്വൈസറികള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. മൊബെയില്‍ ടവറുകളില്‍ നിന്നുള്ള വികിരണം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ഒരു തെളിവുമില്ലെന്നാണ് ഏറ്റവും പുതിയ അഡ്വൈസറിയിലും ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വികിരണത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ വസ്തുതകള്‍ പങ്കു വെക്കുകയും അനാവശ്യ ഭീതി അകറ്റുകയും ചെയ്യണമെന്ന് ഐ.എ.പി.-ഇ.സി.എച്ച്.ജി. അംഗങ്ങള്‍ ചിന്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ വൈദ്യുത കാന്തിക ഫീല്ഡുകളാണെന്നും എക്സ്റേയും ഗാമാ റേയും പോലെ അയണൈസിങ് റേഡിയേഷന് അല്ലെന്നും അവയ്ക്ക് കെമിക്കല്‍ ബോണ്ടുകള്‍ തകര്‍ക്കാനാവില്ലെന്നും മനുഷ്യ ശരീരത്തില്‍ അയണൈസേഷന്‍ ഉണ്ടാക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടനയുടെ 2013 സെപ്റ്റംബര്‍ 23 ലെ അഡ്വൈസറിയിലും ചൂണ്ടിക്കാട്ടുന്നുണ്ട്.
മൊബെയില്‍ ഫോണ്‍ അപകട സാധ്യത ഉള്ളതാണോ എന്ന കാര്യത്തില്‍ കഴിഞ്ഞ രണ്ടു ദശാബ്ദമായി നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇതുവരെ മൊബെയില്‍ ഫോണ്‍ ഉപയോഗം മൂലം ദേഷകരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി സ്ഥാപിക്കാനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നതായി അദ്ദേഹം പറഞ്ഞു.
മൊബെയില്‍ ഫോണ്‍ ടവറുകളുടെ ഇ.എം.എഫ്. വികിരണം അര്‍ബുദമോ മറ്റു ആരോഗ്യ ഭീഷണികളോ ഉണ്ടാക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന അതിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലും സൂചിപ്പിക്കുന്നുണ്ട്. എപിഡമിയോളജിക്കല് തെളിവുകളും ഇതു തന്നെയാണു സൂചിപ്പിക്കുന്നത്. ബെയ്സ് സ്റ്റേഷനുകള്‍ പോലുള്ളവയില്‍ നിന്നുള്ള ആര്.എഫ്. ഫീല്‍ഡുകള്‍ അര്‍ബുദമോ മറ്റു രോഗങ്ങളോ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ ഒരു സൂചനയും നല്‍കുന്നില്ലെന്നും അഡ്വൈസറി ചൂണ്ടിക്കാട്ടുന്നു.
ആസ്ത്മയുടെ വര്‍ധനവില്‍ ജെനറ്റിക്, പരിസ്ഥിതി ഘടകങ്ങള്‍ എന്നിവ വലിയ പങ്കു വഹിക്കുന്നുണ്ട്. കുട്ടികളുടെ സാഹചര്യങ്ങളില്‍ അടുത്ത കാലത്തു വന്ന മാറ്റങ്ങളും ആസ്ത്മ കൂടുതലായി കണ്ടു വരാനിടയാക്കിയിട്ടുണ്ട്. ജീവിത ശൈലിയിലേയും ഭക്ഷണ ശീലങ്ങളിലേയും മാറ്റം, പാസ്സീവ് സ്മോക്കിങ്, അലര്‍ജികള്‍, അന്തരീക്ഷ മലിനീകരണം എന്നിവയെല്ലാം ഇതിനിടയാക്കുന്ന കാര്യങ്ങളില്‍ പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: