കൊച്ചി: കൊച്ചി നഗരത്തില്‍ ആറ് മാസത്തിനകം 20,000 വീടുകളില്‍ പൈപ്ലൈന് മുഖേന പാചകവാതകം എത്തിക്കുമെന്ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ് കൊച്ചിയില്‍ അറിയിച്ചു. എല്‍പിജി ഗ്യാസിനേക്കാള്‍ എന്തുകൊണ്ടും സുരക്ഷിതവും ചെലവ് കുറഞ്ഞതുമാണ് ദ്രവീകൃത പ്രകൃതി വാതകം. നിലവില്‍ സബ്സിഡി നിരക്കില്‍ പാചക വാതകം വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ സബ്സിഡിയില്ലാതെ തന്നെ പ്രകൃതി വാതകം വിതരണം ചെയ്യാനാവുമെന്നും ഭരത് ഭൂഷണ് പറഞ്ഞു. ബഹുനിലക്കെട്ടിടങ്ങളിലുമുള്ള എല്‍പിജി പൈപ്പു ലൈനുകള്‍ പ്രകൃതി വാതകം ഉപയോഗിക്കുന്നതിനുള്ള രീതിയില്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി വാതക പൈപ്ലൈന് സംബന്ധിച്ച് ജനങ്ങളുടെ ഇടയിലുള്ള ആശങ്ക ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്ന് ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്. ഭയം കാരണം ജനങ്ങളുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് ഉണ്ടാകുന്നതാണ് ഈ പദ്ധതി നടപ്പാക്കാന്‍ കാലതാമസം നേരിടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. വായുവിനേക്കാള്‍ ഭാരം കുറവായതിനാല്‍ ഇത് കെട്ടിക്കിടക്കാതെ മുകളിലേക്കുയരും. അതു കൊണ്ടു തന്നെ അപകട സാധ്യത ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റ്(ഗെയില്‍) ആണ് ഈ പദ്ധതി നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ പദ്ധതി വിജയപ്രദമായി നടപ്പിലാക്കുന്നതായി ഗെയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി രമേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഗെയില്‍ ജനറല്‍ മാനേജര്‍ എസ്.പി.ഗാര്‍ഗും പങ്കെടുത്തു.
പൈപ്ലൈന് സംബന്ധിച്ചുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ല, എങ്കിലും സാധാരണക്കാര്‍ക്ക് പുറമെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലും ഈ പദ്ധതിയ്ക്ക് എതിരു നില്‍ക്കുന്നതായും രമേഷ് അഭിപ്രായപ്പെട്ടു.
കേരള സര്‍ക്കാര്‍ ഈ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി ഭരത് ഭൂഷണ് പറഞ്ഞു. ദ്രവീകൃത പ്രകൃതി വാതകത്തിന് (എല്‍എന്‍ജി) വായുവിനേക്കാള്‍ ഭാരം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
വാതകം ചോര്‍ന്നാല്‍ തന്നെ അപകടം ഉണ്ടാവുകയിലെന്നും അത് വായുവില്‍ അലിഞ്ഞുചേരുമെന്നും ഭരത് ഭൂഷണ് വ്യക്തമാക്കി. ജനങ്ങളുടെ എതിര്‍പ്പ് ഇല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എറണാകുളം ജില്ലയില്‍ മുഴുവന്‍ പ്രകൃതി വാതക പൈപ്ലൈന് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഘട്ടം ഘട്ടമായി ആവശ്യം അനുസരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. മുംബൈയില്‍ 10 വര്‍ഷം കൊണ്ട് ഏഴ് ലക്ഷം പേര്‍ക്ക് കണക്ഷന് നല്‍കിയതായി കെ.പി.രമേഷ് പറഞ്ഞു.
ഹോട്ടലുകള്‍, വ്യവസായ ശാലകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ എല്‍എന്‍ജി പൈപ്ലൈന് സ്ഥാപിക്കും. എറണാകുളം ജില്ലയില്‍ കൃഷിയിടങ്ങളില്‍ കൂടിയും പൈപ്ലൈന് കടന്ന് പോകും. കൃഷി തുടരുന്നതിന് ഇത് യാതൊരുവിധത്തിലും തടസ്സമാവില്ലെന്ന് ഭരത് ഭൂഷണ് പറഞ്ഞു.
കൊച്ചി നഗരത്തില്‍ ഈ പദ്ധതി ഗെയില്‍ നേരിട്ടായിരിക്കില്ല നടപ്പാക്കുക. ഇതിനായി ജനുവരി-ഫെബ്രുവരി കാലയളവില്‍ ടെണ്ടര്‍ ക്ഷണിക്കും. ടെണ്ടര്‍ വിളിച്ച് മൂന്ന് മാസത്തിനകം പദ്ധതി ആരംഭിക്കും. 2014 അവസാനത്തോടെ ആദ്യ ഘട്ടം നടപ്പിലാക്കും.
കേരളത്തില്‍ ഈ പദ്ധതി ആദ്യം നടപ്പിലാക്കിക്കൊണ്ട് എറണാകുളം മാതൃകയാകും. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നീ ജില്ലകളിലൂടെയാണ് പാചക വാതക പൈപ്ലൈന് കടന്ന് പോവുക. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്(കെഎസ്ഐഡിസി), കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമാണ് കേരളത്തില്‍ ഈ പാചക വാതക പൈപ്ലൈന് പദ്ധതി നടപ്പിലാക്കുന്നത്. അതേസമയം മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് ജനങ്ങളുടെ ഇടയില്‍ ശക്തമായ എതിര്‍പ്പാണുള്ളത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: