മാവേലിക്കര: സംസ്ഥാനത്ത് അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി ഹിന്ദുഐക്യവേദി മാറിയെന്ന് സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഹൈന്ദവ സമാജം ഇന്ന് പ്രതീക്ഷയോടെ നോക്കുന്നത് ഹിന്ദുഐക്യവേദിയെയാണ്. അവര്‍ നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഹിന്ദുഐക്യവേദിയിലൂടെയേ സാധ്യമാവുകയുള്ളൂ. സമാജം അര്‍പ്പിക്കുന്ന വിശ്വാസമാണ് ഹിന്ദുഐക്യവേദിയുടെ വളര്‍ച്ചക്ക് കാരണമെന്നും ശശികല പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുത്വം എന്നത് ദര്‍ശനമാണ്. അത് എല്ലാ വൈവിധ്യങ്ങളെയും സമന്വയിപ്പിക്കുന്നു. നാനാത്വത്തില്‍ ഏകത്വമാണ്. ഏകത്വത്തിന്റെ ആവിഷ്ക്കാരമാണ് ജാതി ഉപജാതി വൈവിധ്യങ്ങള്‍. ഇതെല്ലാം പരസ്പര വിരുദ്ധമല്ല, ഒന്നുതന്നെയാണ്. ഇതര മതവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി വൈവിധ്യങ്ങളെ കോര്‍ത്തിണക്കാനുള്ള കഴിവാണ് എല്ലാ ആക്രമണങ്ങളെയും അതിജീവിച്ച് ഹിന്ദുത്വം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.ടി.ഭാസ്ക്കരന്‍, ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ ജില്ലാതലത്തിനു മേല്‍ ചുമതലപ്പെട്ട പ്രവര്‍ത്തകരാണ് രണ്ടു ദിവസത്തെ ശിബിരത്തില്‍ പങ്കെടുക്കുന്നത്.
ഇന്ന് വൈകിട്ട് ശിബിരം സമാപിക്കും. ആര്‍എസ്എസ് അഖില ഭാരതീയ സഹസര്‍കാര്യവാഹ് കെ.സി.കണ്ണന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു, സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ്, സഹസംഘടനാ സെക്രട്ടറിമാരായ എം.രാധാകൃഷ്ണന്, സുശികുമാര്‍, പി.ബാബു എന്നിവര്‍ ശിബിരത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: