തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിലെ റിസോര്‍ട്ടില്‍ വെച്ച് കര്‍ണാടക സ്വദേശിനിയായ ഐടി ഉദ്യോഗസ്ഥയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായതായി സൂചന. ഇരുവരും റിസോര്‍ട്ടിലെ ജീവനക്കാരാണ്. പീഡന വിവരം മറച്ചുവെച്ച റിസോര്‍ട്ട് ഉടമയ്ക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. പൊഴിയൂരിലെ ചെറു ദ്വീപിനോട് ചേര്‍ന്നുള്ള ഒരു റിസോര്‍ട്ടില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മാനഭംഗം നടന്നത്. ബംഗളുരുവില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ 23 പേര് ഉള്‍പ്പെട്ട ഐ.ടി ഉദ്യോഗസ്ഥരുടെ സംഘത്തിലെ പെണ്‍കുട്ടിയായിരുന്നു ബലാത്സംഗത്തിന് ഇരയായത്.
മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വാതില്‍ തള്ളിത്തുറന്ന് രണ്ടു പേര് അകത്ത് കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി ബഹളം വച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വിവരം റിസോര്‍ട്ട് ഉടമ മൂടിവച്ചുവെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. യുവതിയുടെ ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗളുരുവിലെ ഐ.ടി സ്ഥാപനത്തില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരെത്തിയ ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്കിയ ശേഷം യുവതിയും സംഘവും ബംഗളുരുവിലേക്ക് മടങ്ങി.
നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: