തിരുവനന്തപുരം: സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനാണ് പ്ലീനമെന്നായിരുന്നു സിപിഎം നേതൃത്വം അവകാശപ്പെട്ടിരുന്നത്. അതിലപ്പുറം സംഭവിക്കാന്‍ പോകുന്ന രാഷ്ട്രീയ ബാന്ധവങ്ങളും ചര്‍ച്ചയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. സംഭവിക്കുന്നതും അതുതന്നെ എന്ന സൂചനയാണ് ഇന്നലെ കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനം നല്കിയ സൂചന. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുമോ എന്നാരാഞ്ഞ കോടിയേരി ഈ സര്‍ക്കാര്‍ നിലംപൊത്തുമെന്നുതന്നെയാണ് ആശിക്കുന്നത്. അതിന് കാരണമായേക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി ഇന്നലെ പ്ലീനത്തിന്റെ സെമിനാറില്‍ സംസാരിക്കാനുമെത്തി.
‘അറയ്ക്കലെ ബീവിയെ കെട്ടാന്‍ അരസമ്മതം’ എന്നപോലെയാണ് മാണി സെമിനാറില്‍ സംസാരിക്കുകയും ചെയ്തത്. മാണിയെ അല്ലാതെ യുഡിഎഫിലെ മറ്റാരെയും പ്ലീനത്തിലേക്ക് ക്ഷണിച്ചിട്ടുമില്ല. അതേസമയം മുന്നണിയെ വഞ്ചിച്ചെങ്കിലും വീരേന്ദ്രകുമാറിനെ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും പാര്‍ട്ടി വിലയിരുത്തിയത്രെ. മാണിയും വീരനും ചേര്‍ന്നാല്‍ മുന്നണിയെ തകര്‍ക്കാനും ഭരണം അട്ടിമറിക്കാനും പ്രയാസമില്ല.
മതാചാരങ്ങളില്‍ മുഴുകാനും അമ്പലക്കമ്മറ്റികളില്‍ കയറിപ്പറ്റാനും നേരത്തെ അണികള്‍ക്ക് നല്കിയ നിര്‍ദ്ദേശം പരമാബദ്ധമായി എന്ന തിരിച്ചറിവിന്റെ ഫലമായി വേണം പുതിയ ഉപദേശത്തെ വിലയിരുത്താന്‍. കല്യാണത്തിനുപോലും മത-ജാതി ചടങ്ങുകള്‍ പാടില്ലത്രെ. അതേസമയം ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുനല്കിയത് കൗതുകകരമാണ്.
മുസ്ലിം ലീഗുമായി ഒരു ബന്ധവുമുണ്ടാക്കില്ലെന്ന് പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിങ്ങളെ സ്വാധീനിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിന് ഒരുങ്ങുകയും ചെയ്യുന്നു. ലീഗുമായുള്ള ബന്ധം നേരത്തെ വിഛേദിച്ചതാണ്. മതാധിഷ്ടിത രാഷ്ട്രത്തിന് വേണ്ടി ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ മതനിരപേക്ഷവാദികളുടെയും ജനാധിപത്യ ശക്തികളുടെയും സഹായത്തോടെ പുതിയ പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന് പ്ലീനം ആഹ്വാനം ചെയ്യുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിനായി നിലകൊള്ളുന്ന ആര്‍എസ്എസിനെയും അതിനെ പ്രതിരോധിക്കാനെന്ന പേരില്‍ ഉയര്‍ന്നുവന്ന മുസ്ലിം മതമൗലിക കക്ഷികള്‍ക്കെതിരെയും മതനിരപേക്ഷ പ്രസ്ഥാനം ശക്തിപ്പെടുത്തണമെന്ന രാഷ്ട്രീയ പ്രമേയം പ്ലീനം അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് വലിയ ശിഥിലീകരണം നേരിടുകയാണ്. ഇത് എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ വിപുലീകരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. യുഡിഎഫ് ഘടകകക്ഷികളിലും കോണ്‍ഗ്രസിലും അസംതൃപ്തി പുകയുകയാണ്. സര്‍ക്കാരിനെതിരായ ജനകീയ സമരങ്ങള്‍ ശക്തിപ്പെടുത്തും. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയവും പാര്‍ട്ടി പ്ലീനം അംഗീകരിച്ചതായും കോടിയേരി വ്യക്തമാക്കി.
കേരളത്തില്‍ രാഷ്ട്രീയമാറ്റമുണ്ടാകുമെന്ന് പ്ലീനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം. യുഡിഎഫ് ശിഥിലമാകുകയാണ്. ഈ ശൈഥില്യം എല്‍ഡിഎഫ് ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും പ്ലീനത്തില്‍ എളമരം കരിം അവതരിപ്പിച്ച രാഷ്ട്രീയരേഖയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: