ആലപ്പുഴ: ആര്‍എസ്എസിന്റെ ശാഖയെ അനുകരിച്ച് സിപിഎം യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ദിവസവും ഒരു മണിക്കൂര്‍ ഒരു പ്രദേശത്ത് ഒത്തുചേര്‍ന്ന് പ്രവര്‍ത്തന പദ്ധതികള്‍ ആലോചിക്കുകയാണ് രീതി. കഴിഞ്ഞ അഞ്ചു വര്‍ഷമായി പാര്‍ട്ടിയിലേക്ക് കാര്യമായി യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ യുവാക്കള്‍ ആര്‍എസ്എസ് ശാഖകളില്‍ കൂടുതലായി എത്തിച്ചേരുന്നതായും സിപിഎം പാലക്കാട് പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാ രേഖയില്‍ പറയുന്നു.
ഒരു മണിക്കൂര്‍ കൂട്ടായ്മക്ക് എന്ത് പേരാണ് നല്‍കേണ്ടതെന്നും, പദ്ധതികളില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തായിരിക്കണമെന്നും പിന്നീട് തീരുമാനിക്കും. ആര്‍എസ്എസിന്റെ ശാഖാ പ്രവര്‍ത്തനത്തിലെ പോലെ യോഗയും കബഡിയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമുണ്ട്. ഒരു കൂട്ടായ്മയില്‍ കുറഞ്ഞത് 20 യുവാക്കളെങ്കിലും ഉണ്ടായിരിക്കണം. ഇത് 40ല്‍ എത്തിയാല്‍ തൊട്ടടുത്ത് അടുത്ത കൂട്ടായ്മയാകാം. കായികക്ഷമതയുടെ പേരിലാകാം യുവാക്കളെ സംഘടിപ്പിക്കേണ്ടതെന്നും രേഖയില്‍ പറയുന്നു.
എന്നാല്‍ ന്യൂനപക്ഷങ്ങളില്‍ ഭയപ്പാടുളവാക്കാതെ ആര്‍എസ്എസിന് ബദലായി സംഘം ചേരലായി ന്യൂനപക്ഷങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്ന തരത്തിലായിരിക്കണം പ്രവര്‍ത്തനം. ഇതിലൂടെ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായി സ്ഥിരമായി കൂട്ടായ്മയില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്ക് കായികക്ഷമത വര്‍ധിപ്പിക്കാനായി പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ നല്‍കാനും യൂണിഫോമിനുമായി കോടികള്‍ ചെലവഴിക്കേണ്ടി വരുമെന്നും സംഘടനാ രേഖയില്‍ പറയുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന ലാളിത്യവും, ശാഖാ ഏരിയയിലെ വീട്ടുകാരുമായുള്ള അവരുടെ ആത്മബന്ധവും കണ്ടുപഠിക്കേണ്ടതാണെന്ന് ഇതിനായി തയറാക്കിയ രേഖയില്‍ പറയുന്നു. സഖാക്കള്‍ പലരും മസില് പിടിച്ച് വല്ലാതെ ജനങ്ങളില്‍ നിന്ന് അകന്നുപോയിരിക്കുന്നു. പഴയപോലെ നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ വീട്ടുകാരെ സഹായിക്കുന്ന പതിവ് സഖാക്കള്‍ ഉപേക്ഷിച്ചിരിക്കുന്നു. ഇത്തരം മേഖലയിലേക്കാണ് ആര്‍എസ്എസുകാര്‍ ആദ്യം കടന്നത്. ആര്‍എസ്എസ് ശക്തമായ മേഖലകളില്‍ പാര്‍ട്ടി ദുര്‍ബലമായെന്ന് മാത്രമല്ല പൊതുരംഗത്ത് സജീവമാകാന്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യമില്ലാതായിരിക്കുന്നു. ഇത് തുടര്‍ന്നാല്‍ ഹിന്ദുത്വശക്തികള്‍ കൂടുതല്‍ കരുത്താര്‍ജിക്കും. ഇത് സംഘടനയെ തന്നെ ഇല്ലാതാക്കും. ഇത് അനുവദിക്കാനാവില്ല. ഇതിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം. മലബാര്‍ ഏരിയയില്‍ മുസ്ലിം മതഭീകര സംഘടനകളിലേക്ക് സഖാക്കളായ മുസ്ലിം യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നു. ഇതും ഗൗരവമായി കാണേണ്ടതാണെന്നും സംഘടനാ രേഖയില്‍ പറയുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച പാര്‍ട്ടി സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: