കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ടു വിഷയത്തില്‍ ഡിവൈഎഫ്ഐയും സിപിഎമ്മും രണ്ടു തട്ടില്‍. മാധവ ഗാഡ്ഗില്‍-കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സിപിഎം ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടികള്‍ നടത്തുമ്പോഴാണ് ഡിവൈഎഫ്ഐ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.
ഡിവൈഎഫ്ഐ മാസികയായ യുവധാരയുടെ നവംബര്‍ ലക്കത്തില്‍ മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ലേഖനം വന്നിരിക്കുന്നത്. അതില്‍ മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വനഭൂമിയുടെ നിലവിലുള്ള നിയമപരമായ സംരക്ഷണത്തെപ്പോലും നിഷേധിക്കുകയാണെന്ന കാരണത്താല്‍ ഒഴിവാക്കണമെന്നും ഡിവൈഎഫ്ഐ അഭിപ്രായപ്പെടുന്നു. സിപിഎമ്മിന്റെ അഭിപ്രായമാകട്ടെ മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്ഷകവിരുദ്ധമായതിനാല് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിമുടി മാറ്റങ്ങള്‍ വരുത്തി മാത്രമേ നടപ്പിലാക്കാവൂ എന്നുമാണ്.
മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരിപൂര്‍ണ്ണമായും ന്യായീകരിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ മുഖമാസികയിലെ ലേഖനം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സിപിഎം ഉയര്‍ത്തിയ ഏറ്റവും പ്രധാന എതിര്‍പ്പ് പശ്ചിമഘട്ടത്തിന്റെ മേഖലാവത്കരണത്തെക്കുറിച്ചായിരുന്നു. എന്നാല്‍ ഇതിനെ ശക്തിയുക്തം ന്യായീകരിക്കുകയാണ് ഡിവൈഎഫ്ഐ. സിപിഎമ്മില്‍ നിന്നും ഏറ്റവും വിമര്‍ശനവിധേയമായ മറ്റൊരു നിര്‍ദ്ദേശത്തെയും ഡിവൈഎഫ്ഐ ന്യായീകരിക്കുന്നു. പശ്ചിമഘട്ട അതോറിറ്റിയുടെ രൂപീകരണത്തെ സിപിഎം കടുത്തഭാഷയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശയാണ് ഇതെന്നും 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വ്യവസ്ഥയാണിതെന്നും ഡിവൈഎഫ്ഐ സിപിഎമ്മിനെ ഓര്‍മ്മിപ്പിക്കുന്നു.
ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകളെ അതിന്റെ ഉദ്ദേശ്യശുദ്ധി സ്വാഗതം ചെയ്യുകയും നടപ്പാക്കല്‍ ഘട്ടത്തില്‍ ഓരോ നിര്‍ദ്ദേശവും പ്രത്യേകമായി പഠിച്ച് ശാസ്ത്രീയവും പ്രായോഗികവുമായ ഒരു കര്‍മ്മപരിപാടി തയ്യാറാക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നായിരുന്നു മുഖമാസിക മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന കടുത്ത നിലാപാട് എടുത്ത സിപിഎമ്മിന്റെ നയത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ ഈ നിര്‍ദ്ദേശം മന്നോട്ടുവെക്കുന്നത്. ലേഖനത്തിലുടനീളം കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിനെ അശാസ്ത്രീയവും അപ്രായോഗികവുമെന്ന് ഡിവൈഎഫ്ഐ വിലയിരുത്തുന്നു. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും അത് ഒഴിവാക്കണമെന്നുമാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്.
പാലക്കാട് പാര്‍ട്ടി പ്ലീനത്തില്‍ ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനില്‍ നിന്നുണ്ടായ വിമര്‍ശനം ഡിവൈഎഫ്ഐയുടെ ഇത്തരം നിലപാടുകള്‍ക്കെതിരെയുള്ള ശക്തമായ താക്കീതുകൂടിയായിരുന്നു. ടി.വി. രാജേഷ് എംഎല്‍എയാണ് യുവധാരയുടെ ചീഫ് എഡിറ്റര്‍. എം. സ്വരാജ് പ്രസാധകനും പി.എം. മുഹമ്മദ് റിയാസ് മാനേജരുമാണ്. എ.എ. റഹീം ആണ് എഡിറ്റര്‍. ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കളാണ് എഡിറ്റോറിയല്‍ ബോര്‍ഡിലുള്ള മറ്റുള്ളവര്‍.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: