പാലക്കാട്: പ്ലീനത്തില്‍ സെക്രട്ടറി അവതരിപ്പിച്ച സംഘടനാ രേഖയിലുള്ള ചര്‍ച്ചയില്‍ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഉയര്‍ന്നതായി പി.ബി. അംഗം കൊടിയേരി ബാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ പാര്‍ട്ടി യോഗം നടക്കുന്നതിനാല്‍ സ്ത്രീകള്‍ പങ്കെടുക്കുന്നില്ലെന്നും യോഗ സമയം മാറ്റുമെന്നും കൊടിയേരി പറഞ്ഞു.
സംസ്ഥാന പ്ലീനത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായവും നിര്‍ദേശങ്ങളും പരാമര്‍ശങ്ങളും കീഴ് ഘടകങ്ങള്‍ക്ക് മാത്രമല്ല സംസ്ഥാന നേതൃത്വത്തിലും ബാധകമാക്കി പരിശോധന നടത്തണം. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതകളും ദൗര്‍ബല്യങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇവക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരുന്നു. മുസ്ലീം ലീഗുമായി യാതൊരു ബന്ധവുമുണ്ടാക്കില്ലെന്നും എന്നാല്‍ മാണി യുഡിഎഫ് വിട്ടാല്‍ അപ്പോള്‍ ആലോചിക്കാമെന്നും അല്ലാതെ മാണിയുമായി ചര്‍ച്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുവജനപ്രസ്ഥാന പ്രവര്‍ത്തകരുടെ പ്രവര്‍ത്തനമേഖലയില്‍ നിന്ന് വിരമിച്ചാല്‍ സിപിഎമ്മുമായുള്ള ആഭിമുഖ്യം കുറയുകയാണെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പാര്‍ട്ടിയില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് പ്രാദേശിക തലത്തില്‍ തന്നെ പാര്ട്ടിയോഗങ്ങളുടെ സമയക്രമത്തില്‍ മാറ്റംവരുത്തണം. രാത്രികാലങ്ങളില്‍ യോഗം നടക്കുന്നത് മൂലമാണ് സ്ത്രീകള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വൈമുഖ്യം കാണിക്കുന്നത്. ന്യൂനപക്ഷ മേഖലയിലും പാര്‍ട്ടിയില്‍ അംഗത്വം വരുത്തുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കണം. വയനാട്ടിലെ മവോയിസ്റ്റുകളുടെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ അടിത്തറ ഇളക്കും.
സംഘടനാചര്ച്ചക്ക് പുറമെ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍, ആധാര്‍ കാര്ഡ്്, പദ്ധതി പരിപ്രേക്ഷ്യം 2030- യു ഡി എഫിന്റെ നിയോ ലിബറല്‍ അജണ്ട എന്നീ വിഷയങ്ങളിലും ചര്‍ച്ച നടന്നു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനോട് യോജിക്കാനാവില്ല, ആഗോള വല്‍ക്കരണ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്ന പദ്ധതി പരിപ്രേക്ഷ്യം തള്ളിക്കളയണം. പത്രസമ്മേളനത്തില്‍ സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: