തിരുവനന്തപുരം: ഏഷ്യന്‍ യുവസംവിധായകരുടെ ചിത്രങ്ങള്‍ ഡിസംബര്‍ ആദ്യം തിരുവനന്തപുരത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രത്യേക ശ്രദ്ധയാകും. ഏഷ്യന്‍ ജനതയുടെ ജീവിത സംഘര്‍ഷങ്ങളും വിഹ്വലതകളും സ്വപ്നങ്ങളും പ്രമേയമാക്കിയ ആറ് ചിത്രങ്ങളാണ് ന്യൂ ഏഷ്യന്‍ സിനിമ എന്ന പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മൂന്ന് യുവ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഏഷ്യന്‍ ജീവിതത്തിന്റെ പെണ് കാഴ്ചകളിലേക്കുള്ള വാതായനങ്ങള്‍ തുറക്കും.
സൗന്ദര്യം ആസ്വദിക്കുന്നതിനും പ്രണയത്തിന്റെ മൗന നിമിഷങ്ങള്‍ അനുഭവിക്കുന്നതിനും കാഴ്ചയുടെ അനിവാര്യത ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് വാട്ട് ദേ ഡോണ്ട് ടോക്ക് എബൗട്ട് വെന്‍ ദേ ടോക്ക് എബൗട്ട് ലൗവ് എന്ന ചിത്രം. അന്ധരായ സ്കൂള്‍ കുട്ടികളുടെ ജീവിതങ്ങളിലേക്കും അവരുടെ പ്രണയ സങ്കല്‍പ്പങ്ങളിലേക്കും വികാരങ്ങളിലേക്കുമുള്ള എത്തിനോട്ടമാണിത്. അന്ധരായ കുട്ടികളെതന്നെ അഭിനയിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മൗലി സൂര്യ ആണ്.
കുടുബിനിയായ സ്ത്രീ സ്വപ്നത്തില്‍ കണ്ട പുരുഷനാല്‍ അസ്വസ്ഥയാകുകയും അതില്‍ നിന്നും രക്ഷ നേടുന്നതിനായി ആത്മീയ ജീവിതത്തിലേക്ക് തിരിയുകയും ചെയ്യുന്നു. എന്നാല്‍ അവിടെയും അവര്‍ക്ക് സമാധാനം ലഭിക്കുന്നില്ല. ട്യാന്‍-യി യാങ്ങ് സംവിധാനം ചെയ്ത ലോങ്ങ് ഫോര്‍ ദി റെയ്ന്‍ എന്ന സിനിമയുടെ കഥയാണിത്.
ചൈനീസ് സംവിധായികയായ വിവിയന്‍ ക്യൂവിന്റെ ചിത്രം, ട്രാപ്പ് സ്ട്രീറ്റ് മാപ്പിങ് കമ്പനിയില്‍ ജോലിചെയ്യുന്ന യുവാവിന്റെ തൊഴിലും ജീവിതത്തില്‍ അയാള്‍ കണ്ടുമുട്ടുന്ന പെണ്‍കുട്ടിയെപ്പറ്റിയുള്ള അന്വേഷണവുമാണ് പ്രമേയമാക്കിയിരിക്കുന്നത്. സിങ്കപ്പൂര്‍ പശ്ചാത്തലത്തില്‍ അന്റണി ചെന്‍ സംവിധാനം ചെയ്ത ഇലോ ഇലോ സാമ്പത്തിക പ്രതിസന്ധി കാരണം വീട്ടുജോലിക്കെത്തുന്ന യുവതിയുടെ സംഘര്‍ഷഭരിതമായ ജീവിതം ആവിഷ്കരിച്ചിരിക്കുന്നു.
താങ്ങ് വോങ്ങ് തായ്ലന്റിന്റെ പശ്ചാത്തലത്തില്‍, വ്യത്യസ്ത ജീവിത സാഹചര്യത്തില്‍ നിന്നുവരുന്ന നാല് ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ കഥ പറയുന്നു. സംവിധാനം കോങ്ങ്ഡജ്.
ചെമ്മരിയാടിന്റെ ചിത്രത്തിന്റെ ഫോട്ടോകോപ്പി എടുക്കാന്‍ വന്ന പെണ്‍കുട്ടിയോട് കടയിലെ ആണ്‍കുട്ടിക്കുണ്ടാകുന്ന പ്രണയമാണ് വെന്‍ എ വോള്‍ഫ് ഫാള്‍സ് ഇന്‍ ലൗ വിത്ത് എ ഷീപ്പ് എന്ന ചിത്രം പറയുന്നത്. സംവിധാനം ഹോ ചി-ജാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: