കൊച്ചി: വിമാനത്താവളങ്ങള്‍ വഴിയുള്ള അനധികൃത സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുന്നു. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന സ്വര്‍ണ്ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരാണെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നതിന് ഒത്താശ ചെയ്യുന്നത് സ്മഗഌ ഇന്‍ യൂണിഫോം എന്ന പേരില്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അറിയപ്പെടുന്ന ഒരു ഉദ്യോഗസ്ഥനാണത്രെ. ഒരു കിലോ സ്വര്‍ണ്ണം കടത്തുന്നതിന് 30,000രൂപയാണ് ഇയാളുടെ നിരക്ക്. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണ്ണ ഇറക്കുമതി തീരുവ കൂട്ടിയതോടെ ഇത് 40,000 രൂപയായി ഉയര്‍ത്തി. പലവട്ടം കൊച്ചിയിലേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിട്ടും ഇയാള്‍ പോകാന്‍ കൂട്ടാക്കിയില്ല. ഉന്നതങ്ങളില്‍ ഉള്ള സ്വാധീനം ഉപയോഗപ്പെടുത്തി കരിപ്പൂരിലും കോഴിക്കോട് കസ്റ്റംസിലും തുടരാന്‍ അനുമതി വാങ്ങുകയായിരുന്നുവെന്നും പറയുന്നു.
ഭരണ മുന്നണിയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വവുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് അന്വേഷണം നേരിടുന്ന എഫ്എം എന്ന ഹിലാല്‍ മുഹമ്മദുമായും അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. കരിപ്പൂര്‍ വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണ്ണക്കടത്ത് നടത്താന്‍ ഇയാള്‍ ഒത്താശ ചെയ്യുന്നതായും സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിലും ഇത്തരത്തില്‍ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. ജോയിന്റ് ഡയറക്ടര്‍ തസ്തികയിലുള്ള ഒരു വനിത ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ സിബിഐ നിരീക്ഷണത്തിലുള്ളത്. വിമാനത്താവളത്തിലും കാര്‍ഗോ സര്‍വ്വീസിലും ഇവരുടെ ഏജന്റുമാരാണ് കാര്യങ്ങള്‍ നടത്തുന്നത് എന്നാണ് വിവരം. ഉദ്യോഗസ്ഥ ഏജന്റുമാര്‍ വഴി കമ്മീഷന് സംസാരിച്ചുറപ്പിച്ചതിനു ശേഷമാണ് സ്വര്‍ണ്ണമുള്‍പ്പെടെയുള്ള കള്ളക്കടത്തിന് ഒത്താശ ചെയ്യുന്നത് എന്നാണ് വിവരം. ഡ്യൂട്ടിയിലുള്ള ഡപ്യൂട്ടി കമ്മീഷണര്‍മാരെയും ഇന്‍സ്പെക്ടര്‍മാരെയും തന്റെ ചൊല്പ്പടിക്കുനിര്ത്തിയാണ് ഇവര്‍ കാര്യങ്ങള്‍ നടത്തുന്നത്. ഏജന്റുമാരെ ബന്ധപ്പെട്ട് ഇവര്‍ക്കാവശ്യമുള്ള കമ്മീഷന് എത്തിച്ചാല്‍ വിമാനത്താവളം വഴി എന്തും കടത്താമെന്ന അവസ്ഥയാണ് തിരുവനന്തപുരത്ത് ഇപ്പോഴുള്ളത്. കാരിയര്‍മാര്‍ എത്തുന്ന വിവരം മുന്‍കൂട്ടി കസ്റ്റംസിലെ വേണ്ടപ്പെട്ടവര്‍ അറിഞ്ഞിരിക്കും. പലപ്പോഴും കണ്‍വെയര്‍ ബല്‍റ്റിലെ സ്കാനിംഗ് സംവിധാനവും എക്സ്റേ മെഷീനും ഇവര്‍ക്കു വേണ്ടി ഓഫ് ചെയ്യുകയോ താത്കാലികമായി പണിമുടക്കുകയോ ചെയ്യുന്നത് പതിവാണ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നാല് കണ്‍വെയര്‍ ബല്‍റ്റ് ഉള്ളതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സ്കാനിംഗ് സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നത്. മറ്റു രണ്ടെണ്ണത്തില്‍ ഇമേജുകള്‍ വളരെ മോശമായ നിലയിലാണ് ലഭിക്കുക. കാരിയര്‍മാരെ ഈ വിവരം മുന്‍കൂട്ടി അറിയിക്കുകയും ഏതു വരിയിലൂടെ പുറത്തുകടക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതും ചില ഉദ്യോഗസ്ഥരാണ്. സ്വര്‍ണ്ണവുമായി കാരിയര്‍മാര്‍ എത്തുന്ന സമയം കണക്കാക്കി ഡ്യൂട്ടി സമയം അഡ്ജസ്റ്റ് ചെയ്യുന്നവരുമുണ്ട്. കഴിഞ്ഞ സപ്തംബര്‍ മുതല്‍ ചെക്കിംഗ് കര്‍ശനമാക്കിയതോടെ 44 കിലോ സ്വര്‍ണ്ണമാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് മാത്രം പിടികൂടിയത്. സംസ്ഥാനത്തെ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: