ഹൈദരാബാദ്: വ്യാജ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസില്‍ അധോലോക നായകന് അബു സലീമിന് ഏഴു വര്‍ഷം തടവ്. ഹൈദരാബാദിലെ സിബിഐ സ്പെഷല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.
നവംബറില്‍ സ്പെഷല്‍ കോടതി ജഡ്ജി എം.വി രമണ നായിഡു അബു സലീം കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, ആള്‍മാറാട്ടം നടത്തി വഞ്ചന, വഞ്ചന ലക്ഷ്യത്തോടെയുള്ള സാമ്പത്തിക തിരിമറി, വ്യാജരേഖ യഥാര്‍ഥ രേഖയാക്കി കാണിച്ച് തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് അബു സലീമിനെതിരേ ചുമത്തിയിരിക്കുന്നത്.
2002 ഒക്ടോബറിലാണ് ആന്ധ്ര പോലീസില്‍ നിന്നും കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. 2004 ല്‍ ഇതു സംബന്ധിച്ച കേസില്‍ പത്തു പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. വിചാരണ നേരിട്ട ഏഴു പ്രതികളില്‍ രണ്ടു പേരെ കോടതി വെറുതെ വിട്ടു.
2001 ലാണ് ഹൈദരാബാദ് റീജിണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും വ്യാജരേഖകള്‍ ഹാജരാക്കി റാമില്‍ കമീല്‍ മാലിക് എന്ന പേരില്‍ സലീം പാസ്പോര്‍ട്ട് സ്വന്തമാക്കിയത്. 2009 ലാണ് കേസില്‍ അബു സലീമിനെതിരേ വിചാരണ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: