ടെഹ്റാന്. ഇറാന് ആണവ സമ്പുഷ്ടീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡന്റ് ഹസന് റുഹാനി. സമ്പുഷ്ടീകരണം ഇറാന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനും ആറു ലോക രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാക്കി ദിവസങ്ങള്‍ക്കുളളിലാണ് ഇറാന്റെ മലക്കം മറിച്ചില്‍.
ലോകരാജ്യങ്ങളുമായി അന്തിമ കരാറില്‍ എത്താനാകുമെന്ന് റുഹാനി പ്രതീക്ഷ പ്രകടിപ്പിച്ചു. തങ്ങളുടെ ആണവ പദ്ധതി സമാധാന ആവശ്യത്തിനാണെന്നും, രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നും ടെഹ്റാനില്‍ ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ ഹസന് റൂഹാനി പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം ഇറാന്റെ അവകാശമാണ്. അത് മുന്‍പ് ഉണ്ടായിരുന്നതുപോലെ തന്നെ തുടരും. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഇക്കാര്യത്തില്‍ പ്രസക്തമല്ലെന്ന് റുഹാനി കൂട്ടിച്ചേര്‍ത്തു.
കരാറനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാമെന്ന് ഇറാന് സമ്മതിച്ചിരുന്നു. അതിനു പകരമായി വിദേശബാങ്കുകളിലുള്ള ഇറാന്റെ നിക്ഷേപങ്ങള്‍ മരവിപ്പിച്ച നടപടി അതാതു രാജ്യങ്ങള്‍ പിന്‍വലിക്കുമെന്നും ധാരണയായിരുന്നു. വന്‍ശക്തികളുമായി അന്തിമ കരാറിലേക്ക് അടുക്കുകയാണ്. ഇനിയും ഏറെ ദൂരം പോകാനുണ്ടെങ്കിലും ദൈവം അനുവദിച്ചാല്‍ അന്തിമ കരാര്‍ സാധ്യതമാകും. ഇറാന് അനുഭവിച്ച ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകണം. ഉപരോധം പൂര്‍ണമായും നീക്കുകയാണ് ലക്ഷ്യം. ജനങ്ങള്‍ക്ക് യാതൊരു സംശയവും വേണ്ടെന്ന് പറഞ്ഞ റുഹാനി, ഇനി ഉപരോധങ്ങള്‍ ഉണ്ടാകില്ല എന്നതാണ് ഇപ്പോഴത്തെ ധാരണയെന്ന് ചൂണ്ടിക്കാട്ടി.
ഇറാനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ഒറ്റപ്പെടുന്നത്. അന്താരാഷ്ട രംഗത്ത് ഇറാന് മുന്‍പില്ലാത്തവിധം സജീവമാണെന്നും റുഹാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: