കോഴിക്കോട്: നിയമവിരുദ്ധമായി ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് നല്കിയ പാരിസ്ഥിതികാനുമതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആറന്മുളയുടെ പൈതൃകവും പ്രകൃതിയും സംസ്കൃതിയും മൂല്യങ്ങളും നശിപ്പിക്കണമെന്ന ദുഷ്ട ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില ഭൂമാഫിയകളും മൂലധനശക്തികളുമാണ് ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് പിന്നിലുള്ളത്.
നിയമങ്ങളെ മറികടന്നും വസ്തുതകള്‍ മറച്ചുവെച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് കേരള സര്‍ക്കാരും കെജിഎസ് ഗ്രൂപ്പും ചേര്‍ന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങിയത്. ആറന്മുളയില് നീര്‍ത്തടവും കൃഷിയും കേസുകളുമൊന്നും ഇല്ലെന്നും പൈതൃകഗ്രാമ നിര്‍വചനത്തില്‍ പരിസ്ഥിതി വിഷയങ്ങള്‍ പെടില്ലെന്നുമാണ് കമ്പനിയും കേരള സര്‍ക്കാരും ധരിപ്പിച്ചത്. അധികാരത്തിന്റെയും പണത്തിന്റെയും ദു:സ്വാധീനത്തില്‍ പച്ചക്കള്ളം പറഞ്ഞ് അനുമതി വാങ്ങാന്‍ കമ്പനിക്ക് കഴിഞ്ഞു. ഹൈക്കോടതിയുടെയും സബ് കോടതിയുടെയും വിലക്കുള്ള നെല്‍വയലില്‍ വിമാനത്താവളം പണിയാന്‍ അനുമതി കിട്ടിയതിന് പിന്നില്‍ അഴിമതിയും ക്രമക്കേടുമുണ്ട്. കേന്ദ്ര ഏജന്‍സി ഇതെക്കുറിച്ച് വ്യക്തവും വിശദവുമായ അന്വേഷണം നടത്തേണ്ടതാണ്.
1000 മീറ്റര്‍ നീളത്തിലാണ് റണ്‍വേക്ക് വേണ്ടി മണ്ണിടാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും റണ്‍വേക്ക് 4 കി. മീറ്റര്‍ ദൂരം ഉണ്ടായിരിക്കെ 1 കി. മീറ്റര്‍ മാത്രം റണ്‍വേക്ക് മണ്ണിടാന്‍ അനുവാദം നല്‍കിയതില്‍ ദുരൂഹതയുണ്ട്. കമ്പനിയുടെ ലക്ഷ്യം വിമാനത്താവളമല്ല, റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആണെന്ന് വ്യക്തം.
അനുമതി നല്‍കും മുമ്പ് ജനാഭിപ്രായം ആരായുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ഏകപക്ഷീയവും ശാസ്ത്രവിരുദ്ധവുമായ അനുമതി പിന്‍വലിക്കണമെന്ന് രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: