കണ്ണൂര്‍: നീളത്തില്‍ ഉയര്‍ന്ന് നില്ക്കുന്ന പന്തലിന് നടുവിലായിരുന്നു ജെറിന്. മുന്നില്‍ പാതി പൂര്‍ത്തിയായ കുട. കുടയുടെ കറുത്ത നിറം പോലെ ജെറിന്റെ കണ്ണുകളിലും ഇരുട്ടുമൂടിയിരുന്നു. സൂചിയില്‍ നൂല് കോര്‍ക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ജെറിന്. ഇടത് കയ്യിലെ സൂചിയും വലത് കയ്യിലെ നൂലും പലതലണ തെന്നിമാറി. മുഖത്ത് നിരാശയുടെ കണിക പോലും ദൃശ്യമായിരുന്നില്ല. ഒടുവില്‍ ജെറിന് തന്നെ വിജയിച്ചു. സൂചിക്കുഴലിലൂടെ ഒട്ടകത്തെ കടത്തുന്ന ജാലവിദ്യ! സമയം അവസാനിക്കുമ്പോഴേക്കും ജെറിന് പൂര്‍ത്തിയാക്കിയ കുടയില്‍ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു.
മേളയുടെ മേളപ്പെരുക്കം മുറുകുമ്പോഴും അവര്‍ പതിവിലധികം നിശബ്ദരായിരുന്നു. കണ്ണുകളിലൂടെയും അംഗചലനങ്ങളിലൂടെയും അവര്‍ സംസാരിച്ചു. സമൂഹത്തിന്റെ പിന്‍നിരയിലാണ് സ്ഥാനമെങ്കിലും ശാസ്ത്രോത്സവത്തില്‍ അവര്‍ മുന്‍നിരയിലായിരുന്നു. 45 സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് സ്പെഷ്യല്‍ സ്കൂള്‍ വിഭാഗത്തില്‍ മാറ്റുരച്ചത്.
ശാസ്ത്രത്തെപ്പോലും വിസ്മയിപ്പിക്കുന്നതായിരുന്നു അവരുടെ കഴിവുകള്‍. വൈകല്യം അവര്‍ക്ക് തടസ്സമായില്ല. കണ്ണെത്താത്തിടത്ത് കൈ കണ്ണായെത്തി. മനസ്സും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ വിരിഞ്ഞത് വിസ്മയങ്ങള്‍. കളിമണ്ണില്‍ നാടും വീടും മേടും പിറന്നു. ഉളിയും ചുറ്റികയും താളം തീര്‍ത്തപ്പോള്‍ മനോഹരമായ ബെഞ്ചും ഡസ്കും രൂപപ്പെട്ടു. പാഴാക്കാനുള്ളതല്ല പാഴ്വസ്തുക്കളെന്നവര് തെളിയിച്ചു. ജീവിതത്തിന്റെ നിറമറിയാത്തവര് വര്‍ണക്കുടകള്‍ നെയ്തു. ഭാവനകളെ അതിരുകള്‍ ഭേദിച്ച് തുറന്നുവിട്ട് ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടുകയായിരുന്നു അവര്‍.
കണ്ണ് കാണുന്നതിനും ചെവി കേള്‍ക്കുന്നതിനും വെല്ലുവിളികള്‍ നേരിടുന്നവരുടെ വിഭാഗങ്ങളായാണ് സ്പെഷ്യല്‍ സ്കൂളുകളുടെ മത്സരം അരങ്ങേറിയത്. വിഷ്വല്‍ ഇംപയേര്ഡിന് 12 വിഭാഗത്തിലും ഹിയറിംഗ് ഇംപയേര്ഡിന് 22 വിഭാഗം വീതവും മത്സരങ്ങള്‍ നടന്നു. സ്കൂളുകള്‍ തമ്മിലാണ് ഇവിടെ മത്സരം. ഉപജില്ലാ ജില്ലാ മത്സരങ്ങള്‍ ഇവര്‍ക്കില്ലാത്തതിനാല്‍ സ്കൂളുകളില്‍ നിന്നും നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടാണ് സംസ്ഥാനത്തെ മേളയ്ക്കെത്തുന്നത്. മത്സരത്തിനൊപ്പം അതത് സ്കൂളുകളുടെ പ്രദര്‍ശനവുമുണ്ടാകും. രണ്ടും കൂടി പരിഗണിച്ചാണ് സ്കൂളുകള്‍ക്ക് മാര്‍ക്ക്. കഴിഞ്ഞ വര്‍ഷം അവസാന ദിവസങ്ങളിലായിരുന്നു സ്പെഷ്യല്‍ സ്കൂളുകളുടെ മത്സരമെങ്കില്‍ ഇത്തവണ രണ്ടാം ദിനം തന്നെ ഉള്‍പ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷമായി കാളകെട്ടി അസീസി വിദ്യാലയമാണ് ഓവറോള്‍ ചാമ്പ്യന്മാര്.
മേളയില്‍ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്ന് അഭിപ്രായമുണ്ട്. “സാധാരണ വിദ്യാര്‍ത്ഥികളേക്കാളും കഴിവുള്ളവരാണിവര്‍. ആരെയും വിസ്മയിപ്പിക്കുന്നു ഇവരുടെ കലാവിരുതുകള്‍”. ആറ് വര്‍ഷമായി ശാസ്ത്രമേളയില്‍ വിധി നിര്‍ണയിക്കുന്ന രവികുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: