കണ്ണൂര്‍: ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന നീറുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ക്കുള്ള നിരവധി പരിഹാര മാര്‍ഗ്ഗങ്ങളുമായി അവതരിപ്പിക്കപ്പെട്ട പ്രൊജക്ടുകള്‍ കൊണ്ട് ഇന്നലെ നടന്ന യുപി, എച്ച്എസ് വിഭാഗം ശാസ്ത്രമേള ശ്രദ്ധേയമായി.
വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പുതിയ പ്രൊജക്ടുകള്‍, മാലിന്യ നിര്‍മ്മാജനത്തിനുള്ള പുതുവഴികള്‍, ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങള്‍, ,സമുദ്രസമ്പത്തിന്റെ നാശം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍, ആഗോള താപനത്തിനെതിരായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍, വയല്‍ നികത്തലും കുന്നിടിക്കലും അടക്കമുള്ള പ്രകൃതി ചൂഷണം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, ഒപ്പം പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസന കാഴ്ചപ്പാടുകള്‍, മംഗള്യാന് മുതല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വരെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ എന്നിവ ശാസ്ത്രീയമായി അവതരിപ്പിച്ച് കുരുന്നു മനസ്സുകള്‍ മേളയില്‍ ശ്രദ്ധ നേടി.
ടെയില്‍സിന്റെ ഉപയോഗം വരുത്തിവെക്കുന്ന ദോഷങ്ങള്‍, ഫാക്ടറികളില്‍ നിന്ന് പുറംതള്ളുന്ന രാസവസ്തുക്കള്‍ ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നതിന്റെ ഭീകരത, ആഫ്രിക്കന്‍ പായലിന്റെ ആരും തിരിച്ചറിയാത്ത ഗുണവശം, കഞ്ഞിത്തൂവ(കൊടൂത്ത)ക്ക് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന കണ്ടെത്തല്‍, നദീകളും സമുദ്രങ്ങളും മാനവികതയുടെ ജീവവായവും സമ്പത്തുമാണെന്ന് വിളിച്ചോതുന്ന പ്രൊജക്ടുകള്‍, ഫ്ലൂറസന്റെ ലാമ്പ് റീസൈക്ലിങ്ങ് പ്ലാന്റ്, സോളാറില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന വൈവിധ്യങ്ങളായ പ്ലാന്റുകളുടെ മാതൃകകള്‍, ചിക്കന്‍ ഫാറ്റ് ജൈവ ഡീസല്‍ പ്ലാന്റ്, പ്ലാസ്മ ഗ്യാസിഫിക്കേഷന്‍, പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കല്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഉണ്ടാക്കല്‍, കാപ്പിക്കുരുവിന്റെ പുറംതോട് ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മ്മാണം, പ്ലാസ്റ്റിക്കില്‍ നിന്ന് ഡീസല്‍, പെട്രോള്‍, ഫ്യുയല്‍ ഓയില്‍, മീഥൈല്‍ തുടങ്ങിയവ നിര്‍മ്മിക്കാമെന്ന കണ്ടെത്തലുകള്‍, കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കാവുന്ന നാനോ മെഡിസിന്, അപൂര്‍വ്വവും നിത്യജീവിതത്തില്‍ ഉപയോഗിച്ചു വരുന്നതുമായ സസ്യങ്ങളുടെയും ഫലങ്ങളുടെയും അനന്ത സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്ന പ്രൊജക്ടുകളും വയര്‍ലസ്, എനര്‍ജി ട്രാന്‍സ്മിറ്ററും സോളാറില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതികളും ഇലക്ട്രിക് പവര്‍ ജനറേഷന് ഫ്രം സ്പീഡ് ഗവേര്‍ണര്‍, വൈദ്യുതി ഉപയോഗിക്കാതെ പ്രവര്‍ത്തിപ്പിക്കാവുന്ന വിവിധ തരം അലക്ക് യന്ത്രങ്ങള്‍ തുടങ്ങിയവ മേളയില്‍ ഏറെ ആകര്‍ഷണീയമായി.
മേള കാണുന്നതിന് പൊതുജനങ്ങള്‍ക്ക് ഇന്നും നാളെയും അവസരമൊരുക്കിയിട്ടുണ്ട്. ഇന്നലെ പൊതുജനങ്ങള്‍ക്ക് മേളയില്‍ പ്രവേശനമില്ലായിരുന്നുവെങ്കിലും നിരവധി പേര് വിലക്ക് ലംഘിച്ചും പല വേദികളിലും മേള കാണാനെത്തിച്ചേര്ന്നത് നേരിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: