മാവേലിക്കര: റേഷന്‍ കാര്‍ഡിന്റെ കാലാവധി അവസാനിച്ച് പതിനൊന്ന് മാസം പിന്നിട്ടിട്ടും കാര്‍ഡ് പുതുക്കി നല്‍കുന്നതിനെ കുറിച്ച് സിവില്‍ സ്പ്ലൈ വകുപ്പില്‍ അവ്യക്തത. കാര്‍ഡു പുതുക്കാന്‍ നിര്‍ദ്ദേശം ലഭിക്കാത്തതിനാല്‍ ഒരു അഡീഷണല്‍ പേപ്പര്‍ നല്‍കും. ഈ പേപ്പറില്‍ റേഷന്‍ സാധനവിതരണം പതിച്ചു നല്‍കാനാണ് കട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഭക്ഷ്യസുരക്ഷ ബില്‍, ആധാര്‍ ലിങ്കിങ്, സബ്സിഡിതുക ബാങ്ക് വഴി നല്കല് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതാണ് റേഷന്‍ കാര്‍ഡ് പുതുക്കല്‍ വൈകുന്നത്. മുന്‍വര്‍ഷങ്ങളില്‍ കാര്‍ഡ് കാലാവധി തീരുന്നതിനു മുമ്പ് പുതുക്കല്‍ നടപടികള്‍ ആരംഭിക്കുമായിരുന്നു. പുതുതായി നല്കുന്ന കാര്‍ഡുകള്‍ പൂര്‍ണമായും കംപ്യൂട്ടര്വത്കരിച്ചായിരിക്കും നല്‍കുന്നത്. എന്നാല്‍ വകുപ്പ് തലത്തില്‍ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല.
സംസ്ഥാനത്ത് ആകെ 81,03,876 കാര്‍ഡുടമകളാണുള്ളത്. എപിഎല്‍ 60,68,963, ബിപിഎല്‍ 14,75,380, എഎവൈ 5,59,528, അന്നപൂര്‍ണ 28,083 വിഭാഗങ്ങളിലാണ് കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത്. കാര്‍ഡുകള്‍ പുതുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലെങ്കിലും എല്ലാ കാര്‍ഡുടമകള്‍ക്കും സബ്സിഡി തുക ബാങ്ക് വഴി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ജനുവരി ഒന്നു മുതല്‍ എപിഎല്‍ കാര്‍ഡുടമകളിലെ സബ്സിഡി തുക ബാങ്ക് വഴി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. സി-ഡിറ്റിനെയാണ് ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
ഓരോ സപ്ലൈ ഓഫീസിലും എപിഎല്‍ വിഭാഗത്തില്‍ സബ്സിഡി ലഭിക്കുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തല്‍ ആരംഭിച്ചിട്ടുണ്ട്. എപിഎല്‍ വിഭാഗത്തില്‍ സബ്സിഡി ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡങ്ങളില്‍ വ്യാപകമായി ക്രമക്കേടുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ ഈ വിഭാഗക്കാരുടെ സബ്സിഡി തുക ബാങ്ക് വഴിയാക്കുന്നത്. എന്നാല്‍ ചുരുങ്ങിയ കാലാവധിക്കുള്ളില്‍ ഇത് എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.
പി.എന്‍. സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: