ചെന്നൈ: കൊച്ചി-ബംഗളുരു വാതക പൈപ്പ്ലൈന് പദ്ധതിക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് തടഞ്ഞു കൊണ്ടുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് കോടതി ഉത്തരവ്. തമിഴ്നാട്ടില്‍ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ക്ക് സമീപത്തെ ഏഴു ജില്ലകളില്‍ കൂടി കടന്നുപോകുന്ന പൈപ്പ് ലൈന്‍ പദ്ധതിക്ക് അനുമതി നല്കാനാവില്ലെന്നായിരുന്നു തമിഴ്നാടിന്റെ നിലപാട്. ഇതിനെതിരെ ഗ്യാസ് അതോറിറ്റി ഇന്ത്യ ലിമിറ്റഡാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
പൈപ്പ് ലൈന്‍ കടന്നുപോവുന്ന ഏഴു ജില്ലകളില്‍ പോലീസ് സംരക്ഷണം വേണമെന്ന ആവശ്യം കോടതി നിരാകരിച്ചു. അത്തരമൊരു നിര്‍ദ്ദേശം നല്കിയാല് ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും ഉണ്ടായതിന് സമാനമായ സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ആ ജില്ലകളിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചു.
കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജില്ലകളില്‍ കൂടിയാണ് പൈപ്പ് ലൈന്‍ കടന്നുപോവുക. പദ്ധതിയെക്കുറിച്ച് തമിഴ്നാട് ചീഫ് സെക്രട്ടറി പഠനം നടത്തുകയും പദ്ധതിക്കെതിരെ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ഹര്‍ജി നല്‍കിയത്. കൊച്ചിയില്‍ നിന്നാരംഭിച്ച് പാലക്കാട് ജില്ലയിലെ തൃത്താല, കൂറ്റനാട് വഴിയാണ് പൈപ്പ്ലൈന് തമിഴ്നാട്ടില്‍ പ്രവേശിക്കുക.
തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, കൃഷ്ണഗിരി എന്നീ ജില്ലകളിലൂടെയാണ് നിര്‍ദിഷ്ട പദ്ധതി കടന്നുപോകുന്നത്. ഈ ജില്ലകളിലെ കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക ഭൂമി പദ്ധതിക്കായി വിട്ടുകൊടുക്കാനാവില്ലെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ വാദം. തമിഴ്നാട്ടിലെ കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഇക്കാര്യത്തില്‍ ജയലളിത സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടുകയും പദ്ധതി നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
2009ലാണ് കൊച്ചിയില്‍ നിന്ന് ബംഗളുരുവിലേക്കും മംഗലാപുരത്തേക്കും വാതകപൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും, കെഎസ്ഐഡിസിയും പദ്ധതിയാരംഭിക്കുന്നത്. 3250 കോടി ചെലവില്‍ മൂന്നു ഘട്ടങ്ങളിലായി വന്‍കിട വ്യവസായങ്ങള്‍ മുതല്‍ വീടുകളില്‍ വരെ സുരക്ഷിതമായി പൈപ്പ് ലൈന്‍ വഴി വാതകമെത്തിക്കുകയായിരുന്നു ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: