ന്യൂദല്‍ഹി: തരുണ്‍ തേജ്പാലിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്കിയ മാധ്യമ പ്രവര്‍ത്തക തെഹല്‍ക്കയില്‍ നിന്ന് രാജിവെച്ചു. തെഹല്‍ക്കയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം ചിന്തിക്കാനാകില്ലെന്ന് കാട്ടിയാണ് രാജി. അതേസമയം കേസില്‍ തെഹല്‍ക മാഗസിന് മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ദല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അപേക്ഷയിന്മേല് കോടതി നാളെ വാദം കേള്‍ക്കും. തേജ്പാലിനെതിരെ ഗോവാ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യം വിട്ട് പോകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തേജ്പാലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കേസന്വേഷണം ഗോവ പോലീസില്‍ നിന്നും മാറ്റി മറ്റേതെങ്കിലും സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ഗോവ ഹൈക്കോടതിയെ സമീപിക്കാനും തേജ്പാല്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ തരുണ്‍ തേജ്പാലിനെ ചോദ്യം ചെയ്യാന്‍ ദല്‍ഹിയിലെത്തിയ ഗോവ പോലീസ് സംഘം ഞായറാഴ്ച്ച മടങ്ങി. രണ്ടു ദിവസം ദല്‍ഹിയില്‍ തങ്ങിയിട്ടും തേജ്പാലിനെ ബന്ധപ്പെടാന്‍ കഴിയാഞ്ഞതോടെ സംഘം മടങ്ങുകയായിരുന്നുവെന്നാണ് വിവരം.
അതിനിടെ തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ഷോമാ ചൗധരിയേയും സഹപ്രവര്‍ത്തകരേയും പോലീസ് ചോദ്യം ചെയ്തു. നാലു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നിണ്ടു നിന്നു. ഷോമയുടെ ലാപ്ടോപ്പും ഐപാഡും ഉള്‍പ്പെടെയുളളവ അന്വേഷണ സംഘം കൂടുതല്‍ പരിശോധനക്കായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ നിന്നും നിര്‍ണായകമായ പല വിവരങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്.
പരാതിക്കാരിയായ പത്രപ്രവര്‍ത്തകയില്‍ നിന്ന് മൊഴി ഉടന്‍ രേഖപെടുത്തിയേക്കും. തുടര്‍ന്നായിരിക്കും തേജ്പാലിനെ ചോദ്യം ചെയ്യുക. പെണ്‍കുട്ടി തെഹല്‍ക്ക് മാനേജിങ് എഡിറ്റര്‍ക്ക് നല്കിയ പരാതി പെണ്‍കുട്ടിയുടെ രേഖാമൂലമുള്ള പരാതിയായി പരിഗണിക്കാനുള്ള സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഗോവ ഡിഐജി ഒ പി മിശ്ര വ്യക്തമാക്കി. തെളിവുകള്‍ പുറത്ത് വരുന്നമുറക്ക് ആവശ്യമെങ്കില്‍ തേജ്പാലിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് മിശ്ര പറഞ്ഞു.
യുവതി നേരിട്ട് പോലീസില്‍ പരാതി നല്കിയാല് ഉടന്‍ അറസ്റ്റ് ചെയ്യാമെന്നും അല്ലാത്ത പക്ഷം എല്ലാ തലങ്ങളും പരിശോധിക്കണമെന്നാണ് അന്വേഷ സംഘത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: