കോഴിക്കോട്: അനധികൃത ഖനനത്തിന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഒത്താശ ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിലെ വ്യവസായ മന്ത്രി എളമരം കരീമിന്റെ കാലത്താണ് കേരളത്തില്‍ ഖനനമാഫിയ പിടിമുറുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഖനനമാഫിയയ്ക്ക് ഒത്താശചെയ്യുന്നതില്‍ എളമരവും കുഞ്ഞാലിക്കുട്ടിയും സയാമീസ് ഇരട്ടകളാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് എളമരം കരീം പ്രതികരിച്ചു.
കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറയില്‍ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കൈവശമുള്ള 406.45 ഹെക്ടര്‍, മാവൂര്‍ വില്ലേജില്‍ 53.03 ഹെക്ടര്‍, രാമല്ലൂര്‍ പ്രദേശത്ത് 2811 ഹെക്ടര്‍ തുടങ്ങിയിടങ്ങളില്‍ പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് ഖനനത്തിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് കെ. സുരേന്ദ്രന് ചൂണ്ടിക്കാട്ടി. ഖനന മാഫിയകളെ വഴിവിട്ട് സഹായിക്കുന്നതിനായി ശക്തമായ കരുനീക്കങ്ങളാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നത്. ഒന്നും അറിയില്ലെന്ന് പറഞ്ഞ് പുറം വാതിലിലൂടെ ഇത്തരം മാഫിയകളെ സഹായിക്കുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്നത്.
ചക്കിട്ടപ്പാറയില്‍ ഖനനം നടത്താന്‍ ഒരുങ്ങുന്ന എം.എസ്.പി.എല്‍ കമ്പനിക്ക് കര്‍ണാടകയിലെ ഖനി മാഫിയയുമായി ബന്ധമുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. ചക്കിട്ടപ്പാറയില്‍ ഖനനം നടന്നാല്‍ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഖനനമാഫിയയ്ക്ക് കേരളത്തില്‍ കാലുകുത്താന്‍ അനുമതികൊടുത്തത് എളമരം കരീം വ്യവസായ മന്ത്രിയായിരുന്ന കാലത്താണ്. 2010 ലാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പും വ്യവസായ വകുപ്പും യാതൊരു പഠനവും നടത്താതെ ഖനനത്തിന് അനുമതി നല്‍കിയതെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
കോടിക്കണക്കിന് രൂപയുടെ അഴിമതി ഇടപാടിന് പിന്നിലുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു. സര്‍വ്വേയെക്കുറിച്ച് ഒന്നുമറിയില്ലെന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം സത്യമാണെങ്കില്‍ സര്‍വ്വേ നടപടികള്‍ എന്തുകൊണ്ട് നിര്‍ത്തിവയ്ക്കുന്നില്ലെന്നും സുരേന്ദ്രന് ചോദിച്ചു. ഈ വിവാദത്തെ കുറിച്ച് എളമരം കരിം പ്രതികരിക്കണമെന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന് ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ അനധികൃത ഖനനം ബിജെപി അനുവദിക്കില്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും സുരേന്ദ്രന് പറഞ്ഞു. എന്നാല്‍ സുരേന്ദ്രന്റെ ആരോപണങ്ങളെ എളമരം കരീം നിഷേധിച്ചു. കര്‍ണാടകയിലെ കമ്പനിക്ക് ഒരു തരത്തിലുള്ള അനുമതിയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് ഖനനവുമായി ബന്ധപ്പെട്ടുള്ള എല്ലാ അനുമതിയും റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: