ന്യൂദല്‍ഹി: മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയായി കേരളത്തിന്റെ അതിര്‍ത്തി വനങ്ങളില്‍ മാവോയിസ്റ്റുകള്‍ തമ്പടിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പശ്ചിമഘട്ടമലനിരകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ കേരളത്തിനും തമിഴ്നാടിനും കര്‍ണാടകക്കും വന്‍സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
പശ്ചിമഘട്ട മലനിരകളില്‍ സംഘടനാപ്രവര്‍ത്തനം വ്യാപിപ്പിച്ച് ദക്ഷിണേന്ത്യയില്‍ പിടിമുറുക്കുക എന്നതാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം. എന്നാല്‍ ആസൂത്രിതമായ ഒരു പദ്ധതിയിലൂടെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാകുമെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. സായുധസേന സജ്ജമാക്കിയും അനുകൂലസംഘടനകളുടെ സഹായത്തോടെയുമാണ് മാവോയിസ്റ്റുകള്‍ ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപകമാക്കാന്‍ ശ്രമിക്കുന്നത്.
മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും കര്‍ണാടകയിലെ മൈസൂര്‍, കുടക്, ഉഡുപ്പി, ചിക്കമംഗലൂര്‍, ഷിമോഗ ജില്ലകളിലും ഈവര്‍ഷം ഇതുവരെ പത്തിലേറെ തവണ മാവേയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട് മേഖലയില്‍ സായുധരായ മാവോയിസ്റ്റുകളുടെ സാന്നിധ്യം വ്യാപകമായിട്ടില്ലെങ്കിലും അനുകൂലസംഘടനകള്‍ ഈറോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
വിവിധ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരള-തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളുടെ സംയുക്ത അതിര്‍ത്തികളില്‍ ശക്തമായ ജാഗ്രത പുലര്‍ത്തണമെന്നും ഇവരുടെ പ്രവര്‍ത്തനം നിഷ്ക്രിയമാക്കണമെന്നും കേന്ദ്രം ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി. ആവശ്യമെങ്കില്‍ മൂന്ന് സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന ഓപ്പേറേഷനുകളിലൂടെ മാവേയിസ്റ്റ് പ്രവര്‍ത്തനം തടയണമെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം നിഷ്ക്കര്‍ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: