കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസില്‍ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ്എസ്ഐയുടെ ക്വാര്‍ട്ടേഴ്സിനു നേരെ ബോംബേറ്. പ്രത്യേക അന്വേഷണ സംഘാംഗം ടൗണ്‍ എസ്ഐ സനല്‍ കുമാറിന്റെ കണ്ണൂരിലെ ക്വാര്‍ട്ടേഴ്സിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ ബോംബേറുണ്ടായത്. ഐഎംഎ റോഡിലുളള ക്വാര്‍ട്ടേഴ്സിനു നേരെ അജ്ഞാത സംഘം റോഡില്‍ നിന്നും ബോംബ് എറിയുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
ബോംബേറില്‍ മേല്‍ക്കൂരയുടെ ഓടുകള്‍ പൊളിയുകയും ചുമര് വിണ്ടുകീറുകയും ചെയ്തു. എസ്ഐയും കുടുംബവും ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ഇല്ലായിരുന്നു. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര് നായര്‍, എഡിജിപി ശങ്കര്‍ റെഡ്ഡി, ബോംബു സ്ക്വഡ്, ഡോഗ് സ്ക്വാഡ്, ഫോറന്‍സിക്ക് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന് ശശി, പ്രസിഡണ്ട് പി.പ്രശോഭ് എന്നിവരെ കഴിഞ്ഞ ദിവസം എസ്എഫ്ഐ സംഘടിപ്പിച്ച സമരപന്തലില്‍ കയറി എസ്ഐ സനല്‍കുമാര്‍ അറസ്റ്റ്് ചെയ്തിരുന്നു.
അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഎം നേതാക്കളായ പി.ജയരാജനും എം.വി.ജയരാജനും പോലീസ് സ്റ്റേഷനിലെത്തി എസ്ഐ അടക്കമുളളവരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഭരണം മാറുമെന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണെന്നും ആക്രോശിച്ചിരുന്നു. എസ്എഫ്ഐക്കാരെ കളളക്കേസില്‍ കുടുക്കി സുധാകരന്റെ അജണ്ട നടപ്പിലാക്കുകയാണെന്നും സിപിഎമ്മും എസ്എഫ്ഐയും ആരോപിച്ചിരുന്നു. ഇതിനാല്‍ തന്നെ ബോംബേറിനു പിന്നില്‍ സിപിഎമ്മുകാരാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: