തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗത്തിലെ പാവപ്പെട്ട യുവതികള്‍ക്കുള്ള വിവാഹധനസഹായ അപേക്ഷകള്‍ വകുപ്പ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു. രണ്ടുവര്‍ഷമായി ഒരു രൂപ പോലും ഈ ഇനത്തില്‍ സര്‍ക്കാര്‍ വിതരണംചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് പിന്നാക്കവിഭാഗങ്ങളിലെ നിര്‍ധനരായ യുവതികള്‍ക്കുള്ള ധനസഹായവിതരണം സര്‍ക്കാര്‍ നിര്‍ത്തിയത്. 50, 000 രൂപയാണ് പട്ടിക വിഭാഗത്തിലെ നിര്‍ധനരായ യുവതികള്‍ക്കും മിശ്ര വിവാഹിതര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 30,000 രൂപയായിരുന്നു ധനസഹായം. അന്ന് ലഭിച്ച അപേക്ഷകള്‍ ബ്ലോക്ക് പട്ടികജാതി ഓഫീസുകളില്‍ ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ പണം അനുവദിക്കുമായിരുന്നു. ഓരോ ബജറ്റിലും ഇതിനായി നിശ്ചിത തുക വകയിരുത്തി അപേക്ഷകര്‍ക്ക് വേഗത്തില്‍ ആനുകൂല്യം ലഭ്യമാക്കാന്‍ മുന്‍സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു.
യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ പിന്നാക്ക വിഭാഗങ്ങളുടെ കയ്യടി നേടാന്‍ വിവാഹ ആനുകൂല്യതുക 50,000 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രഖ്യാപനം നടത്തിയതല്ലാതെ ഒരാള്‍ക്കുപോലും ആനുകൂല്യം നല്‍കിയില്ല.
രണ്ടുവര്‍ഷത്തെ മുഴുവന്‍ അപേക്ഷകളും ബന്ധപ്പെട്ട ഓഫീസുകളില്‍ പൊടിപിടിക്കുകയാണ്. അമ്പതിനായിരത്തിലേറെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അപേക്ഷ നല്കിയവര് ഓഫീസുകളില്‍ ചെന്നാല്‍ സര്‍ക്കാര്‍ പണം തരുന്നില്ലെന്ന മറുപടി മാത്രമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. പണമില്ലെന്ന ന്യായം പറഞ്ഞ് പട്ടികജാതി വനിതകളുടെ വിവാഹ ധനസഹായം തടഞ്ഞുവച്ചത് അംഗീകരിക്കാനാകില്ലെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: