കോട്ടയം: 17 ഏക്കറിലെ തന്റെ സ്വന്തം പാടത്ത് ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുക്കാന്‍ താരരാജാവെത്തി. കുമരകം കേളക്കേരി വട്ടക്കായല്‍ പാടശേഖരത്തിലെ നെല്കൊയ്ത്തിനാണ് ഉത്സവഛായയില്‍ മമ്മൂട്ടി തുടക്കം കുറിച്ചത്. മമ്മൂട്ടിയെത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ കര്‍ഷകരും നാട്ടുകാരും രാസവളമോ ജൈവവളമോ ഇല്ലാതെ സമൃദ്ധമായി വളര്‍ന്ന നൂറുമേനി കൊയ്യാന്‍ പാകത്തില്‍ നില്ക്കുന്ന നെല്‍ക്കതിരുകള്‍ കണ്ട് അത്ഭുതംകൂറി.
കഴിഞ്ഞ ജൂലൈ മാസത്തില്‍ കൃഷിയിറക്കിയ സമയത്ത് ഞാറ് നടാനും മമ്മൂട്ടി എത്തിയിരുന്നു. വിത്ത് പാകി 148 ദിവസം തികഞ്ഞപ്പോഴാണ് നെല്ല് കൊയ്തത്. പരമ്പരാഗതമായ കഴമ ഇനത്തിലെ വിത്താണ് കൃഷിക്കായി ഉപയോഗിച്ചതെന്ന് കൃഷിക്കു നേതൃത്വം വഹിച്ച പ്രകൃതി കൃഷി പ്രചാരകന് കെ.എം. ഹിലാല്‍ പറഞ്ഞു. ഇവിടെ നടന്നത് പരമ്പരാഗതമായ തികച്ചും സ്വാഭാവിക കൃഷിയാണ്.
കുമരകം ചീപ്പുങ്കല്‍ പാലത്തിന് കീഴിലുള്ള കടവില്‍നിന്നും മോട്ടോര്‍ ബോട്ടിലാണ് മമ്മൂട്ടി പാടത്തെത്തിയത്. പാടത്തിറങ്ങിയ അദ്ദേഹത്തിന് ചുറ്റും കൂടിയവര്‍ അല്പം തിക്കും തിരക്കും കൂട്ടിയതൊഴിച്ചാല്‍ വളരെ ശാന്തമായ അന്തരീക്ഷത്തിലായിരുന്നു കൊയ്ത്ത് തുടങ്ങിയത്. 300 ഏക്കറോളം വരുന്ന പാടശേഖരത്തിലെ മറ്റുള്ള കര്‍ഷകരും വിജയകരമായ പ്രകൃതികൃഷി രീതി അവലംബിക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് കര്‍ഷകനായ തോട്ടുപുറം പ്രസന്നന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: