തിരുവനന്തപുരം: കുടുംബശ്രീയുടെ 16-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ആദിവാസിമേഖലകളില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം ഈര്ജിതമാക്കുന്നതിന് ലക്ഷ്യമിട്ട് പുതിയ പദ്ധതി നടപ്പാക്കുന്നു. പട്ടികവര്‍ഗ-പട്ടികജാതി ക്ഷേമവകുപ്പുമായി ചേര്‍ന്നാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. പെയിലറ്റ് പദ്ധതിയായി വയനാട്ടിലെ 100 ഊരുകളെ തിരഞ്ഞെടുത്ത് ഡിസംബര്‍ അവസാനത്തോടെ പദ്ധതി ആരംഭിക്കാനാണ് കുടുംബശ്രീ ആലോചിക്കുന്നത്.
ആദിവാസി ഊരുകളിലെ പോഷകാഹാര പ്രശ്നം പരിഹരിക്കുക, കുട്ടികളെ അഭ്യസ്തവിദ്യരാക്കാന് നടപടിയെടുക്കുക, കൃത്യമായി ഭക്ഷണം നല്കി അവരുടെ ആരോഗ്യസ്ഥിതിയും സാമൂഹ്യസാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക, സമ്പാദ്യശീലം വളര്‍ത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ഊരുകളില്‍ രണ്ടുനേരം ഭക്ഷണം കൃത്യമായി എത്തിച്ച് അവരുടെ ആരോഗ്യം വീണ്ടെടുക്കുക, ജോലി ചെയ്യാന്‍ പ്രാപ്തരാക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. കോളനിയില്‍ തന്നെയുള്ള അഭ്യസ്തവിദ്യരായ സ്ത്രീകളെയാണ് ഇതിനായി തിരഞ്ഞെടുക്കുക.
ഓരോ ആംഗന്‍വാടികള്‍ കേന്ദ്രീകരിച്ചും ഭക്ഷണം വിതരണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പുറമെ സ്കൂളില്‍ പോകാത്ത പെണ്‍കുട്ടിളെ പദ്ധതിയുടെ ഭാഗമാക്കി ബോധവത്കരണം നടത്തി സ്കൂളിലയയ്ക്കാനും കുടുംശ്രീ ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതിലൂടെ കോളനികളിലെ പെണ്കുട്ടികള്ക്കെതിരായി ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനാകുമെന്നാണ് കരുതുന്നത്. സ്ത്രീകള്‍, വൃദ്ധജനങ്ങള്‍, കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്നിവരെയാണ് പ്രധാനമായും പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്.
പദ്ധതിക്കായി 130.16 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന് കുടുംബശ്രീ സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മേഖലകളില്‍ വിശദമായ സര്‍വെ നടത്തിയ ശേഷമാണ് കുടുംബശ്രീ എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്. പെയിലറ്റ് പദ്ധതിയില്‍ വയനാട്ടിലെ പണിയവിഭാഗ ഈരുകളെയാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. പണിയവിഭാഗത്തില്‍പ്പെട്ട 17,000 ത്തോളം ആദിവാസികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന ആദിവാസിവിഭാഗമായ പണിയവിഭാഗ ഊരുകളിലെത്തിയി കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വെ പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം അവസാനത്തോടെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട കോളനികളില്‍ ഭൂരിഭാഗവും കാടിനുള്ളില്‍ ഇടുങ്ങിയ സ്ഥലങ്ങളിലാണ്. ഇവിടങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വളരെ കുറവാണ്, ആരോഗ്യപ്രശ്നങ്ങളും ഭവനരഹിതരുടെ എണ്ണവും വളരെ കൂടുതലാണ് എന്നിങ്ങനെയാണ് സര്‍വെയില്‍ നിന്ന് വ്യക്തമാകുന്നത്. ഇവിടങ്ങളില്‍ കുടുംബശ്രീ സിഡിഎസുമാരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ തന്നെ വിവിധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പദ്ധതിക്കു വേണ്ട സഹായസഹകരണങ്ങള്‍ ലഭ്യമാക്കാനായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വരുന്ന മെയ് 17ന് കുടുംബശ്രീ തങ്ങളു പതിനാറാം വാര്‍ഷികം ആഘോഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: