കൊച്ചി: കൊച്ചി മെട്രോ റെയിലിനു വേണ്ടിയുള്ള ഫ്രഞ്ച് വായ്പക്കു പിന്നില്‍ കാണാച്ചരടുകളേറെ. ഫ്രഞ്ച് ധനകാര്യ ഏജന്‍സിയില്‍ നിന്ന് 1500 കോടി രൂപയുടെ വായ്പ അമിത പലിശ നിരക്കില്‍ വാങ്ങുന്നത് സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുമെന്നതിനു പുറമേയാണ് ഭാവിയിലെ വികസന പദ്ധതികള്‍ക്ക് വായ്പ വലിയ പ്രതിബന്ധമാകുമെന്നും വ്യക്തമാകുന്നത്.
1500 കോടിയും പതിനൊന്ന് ശതമാനം പലിശയും യൂറോപ്യന്‍ യൂണിയന്റെ കറന്‍സിയായ യൂറോയില്‍ തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ. പലിശയടക്കം വായ്പയുടെ മൂന്നിരട്ടി തുക 20 വര്‍ഷം കൊണ്ട് കേരളം തിരിച്ചടക്കേണ്ടി വരും. ഒരു യൂറോക്ക് ഇപ്പോഴത്തെ മൂല്യം 85 ഇന്ത്യന്‍ രൂപയാണ്.
രൂപയുടെ മൂല്യം നിരന്തരം കുറയുന്ന സാഹചര്യത്തില്‍ വായ്പ തിരിച്ചടവ് കഴിയുമ്പോഴേക്ക് വായ്പയുടെ പലമടങ്ങ് തുക കേരളത്തിന് ഈ ഇനത്തിലും നഷ്ടമാകും. വായ്പാക്കണക്കിലോ പലിശയിനത്തിലോ കണക്കാക്കാത്ത നഷ്ടമാണ് രൂപയുടെ മൂല്യവ്യത്യാസം നിമിത്തം സംസ്ഥാനത്തിന് സംഭവിക്കുക.
കെഎംആര്‍എല്‍ ആണ് വായ്പയെടുക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആണ് ഗ്യാരണ്ടര്‍. ഏതെങ്കിലും കാരണ വശാല്‍ മെട്രോ റയില്‍ കോര്പ്പറേഷന് വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഈ തുക നല്‍കേണ്ടി വരും. ഇത് സംസ്ഥാനത്തിന്റെ മറ്റു വികസന പദ്ധതികളേയും ബാധിക്കും. ഇപ്പോള്‍ തന്നെ കടക്കെണിയിലായ കേരളം കൂടുതല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് സൂചന.
വികസന പദ്ധതികള്‍ മാത്രമല്ല ഭറണ നിര്‍വ്വഹണം പോലും പ്രതിസന്ധിയാലാകുന്ന സാഹചര്യമാകും ഉണ്ടാകാന്‍ പോകുന്നത്. 5180 കോടിയുടെ മെട്രോ റയില്‍ പദ്ധതിക്കായി ഇപ്പോള്‍ എടുത്തിട്ടുളള വായ്പക്കു പുറമേ 2000 കോടി കൂടി വിദേശ വായ്പയായി സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം ഇത്രയും ഭീമമായ തുകയുടെ പലിശ തിരിച്ചടക്കാന്‍ പോലുമുള്ള വരുമാനം മെട്രോ റയില്‍ സര്‍വ്വീസില്‍ നിന്നു ലഭിക്കാനിടയില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിനു പുറമേ മൊട്രോയുടെ നടത്തിപ്പ് ചെലവ് വേറെയും. ഈ സാഹചര്യത്തില്‍ വിദേശ വായ്പ സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാകും.
കൊച്ചിയില്‍ മെട്രോ സാമ്പത്തികമായി ലാഭകരമാകില്ല എന്നാണ് കേന്ദ്ര ആസൂത്രണ കമ്മീഷനും വിലയിരുത്തുന്നത്. നഷ്ടസാധ്യത മുന്‍കൂട്ടിക്കണ്ട് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) മെട്രോ നിര്‍മ്മാണം നടത്തണമെന്നായിരുന്നു ആസൂത്രണ കമ്മീഷന്റെ നിലപാട്. എന്നാല്‍ സംസ്ഥാനത്തെ ചില നേതാക്കളുടെ താത്പര്യ പ്രകാരമാണ് പൊതുമേഖലയില്‍ പദ്ധതി ആരംഭിച്ചത്. ഇതിനായി ആദ്യം തയായറാക്കിയ എസ്റ്റിമേറ്റില്‍ 30 ശതമാനത്തിലേറെ വര്‍ദ്ധന വരുത്തുകയും ചെയ്തു.
ഭീമമായ തുക വായ്പയായി സംഘടിപ്പിക്കാനും തീരുമാനിച്ചു. സാമ്പത്തികരംഗത്തെ വിദഗ്ധരുടെയും ആസൂത്രണ കമ്മീഷന്റെയും മുന്നറിയിപ്പുകളെപ്പോലും അവഗണിച്ച് ഇത്രയും ഭീമമായ വിദേശ വായ്പ വാങ്ങുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപമുയരുന്നത്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: