ന്യൂദല്‍ഹി: ലൈംഗികാരോപണം നേരിടുന്ന തെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ഗോവ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. പെണ്‍കുട്ടി കള്ളം പറയുകയാണെന്നും സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ തേജ്പാല്‍ പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് തരുണ്‍ അറിയിച്ചിട്ടുണ്ട്. തരുണിനെ ചോദ്യം ചെയ്യാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ദല്‍ഹി പോലീസുമായി സഹകരിച്ചായിരിക്കും അന്വേഷണം. പരാതി ഉയര്‍ത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തേജ് പാലിന്റെ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പോലീസ് തീരുമാനിക്കുക.
തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയില്‍ നിന്നും പോലിസ് മൊഴി എടുക്കും. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഷോമ ഇക്കാര്യം വ്യക്തമാക്കിയത്. പോലീസുമായി സഹകരിക്കുന്നില്ലെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. കേസിന്റെ തുടക്കം മുതല്‍ തന്നെ താന്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അന്വേഷണോദ്യോഗസ്ഥരെ നേരില്‍ കാണുമെന്നും ഷോമ വ്യക്തമാക്കി.
അതേസമയം മാധ്യമ പ്രവര്‍ത്തകയുടെ സമ്മതത്തോടെയാണ് അവരുമായി ഇടപെട്ടതെന്ന് തരുണ്‍തേജ്പാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗോവ ഹോട്ടലിലെ ലിഫ്റ്റില്‍ ഒരു മിനിറ്റില്‍ താഴെ സമയം മാത്രമാണ് മാധ്യമപ്രവര്‍ത്തകയുമായി ചെലവിട്ടതെന്നും തേജ്പാല്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: