ന്യൂദല്‍ഹി: ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദിന്റെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം വര്‍ഗീയകലാപം വളര്‍ത്തുമെന്നും ഇന്റലിജന്‍സ് മേധാവി ആസിഫ് ഇബ്രാഹിം അറിയിച്ചു.
ഇന്ത്യന്‍ മുജാഹിദിനെ സ്ഥാപക നേതാവ് യാസിന് ഭട്കലിന്റെ അറസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. കുറഞ്ഞ കാലയളവില്‍ തന്നെ ആസൂത്രിതമായി ആക്രമണം നടത്താന്‍ സംഘടനയ്ക്ക് ഇപ്പോഴും കഴിയുന്നുണ്ട്. പാറ്റ്ന സ്ഫോടന പരമ്പര ഇത് വ്യക്തമാക്കുന്നുവെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആസിഫ് ഇബ്രാഹിം പറഞ്ഞു.
പാക്കിസ്ഥാന്, മ്യാന്മാര് തുടങ്ങിയ രാജ്യങ്ങളിലെ ഭീകര സംഘടനകള്‍ ഇന്ത്യന്‍ മുജാഹിദിന് പിന്തുണ നല്‍കുന്നതായും രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു. മുസാഫര്‍ നഗര്‍ കലാപവും തെലങ്കാന വിഷയത്തിലെ പ്രതിഷേധവും ഭീകര സംഘടനകള്‍ മുതലെടുക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷം വളര്‍ത്താന്‍ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളെ അക്രമികള്‍ മുതലെടുക്കുന്നുണ്ടെന്നും ഐ.ബി യോഗം വിലയിരുത്തി.
അതിര്‍ത്തിയിലെ ജനവാസമില്ലാത്ത മേഖലകളില്‍ നിരീക്ഷണം ശക്തിപ്പെടുത്താനും രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: