കൊച്ചി: റണ്‍മഴ കൊതിച്ചെത്തിയവരെ വിന്‍ഡീസ് നിരാശപ്പെടുത്തിക്കളഞ്ഞു. എന്നാല്‍ സ്വന്തം ആരാധകരെ മറക്കാന്‍ ടീം ഇന്ത്യയിലെ ന്യൂജനറേഷന് ഹീറോകള്ക്കാവുമോ?. വിരാട് കോഹ്ലിയും (86) രോഹിത് ശര്‍മ(72)യുമൊക്കെ ചന്തമുള്ള ഷോട്ടുകളുടെ കലവറ നിറഞ്ഞ ഹൃദയത്തോടെതന്നെ തുറന്നു. ഫലം കരീബിയന്‍ സംഘത്തിനുമേല്‍ ധോണിപ്പടയ്ക്ക് ആറു വിക്കറ്റിന്റെ ആധികാരിക ജയം. അങ്ങനെ കൊച്ചിയിലെ കളിക്കളം വീണ്ടും ഇന്ത്യയുടെ ഭാഗ്യവേദിയായി മാറി. സിക്സറുകളും ബൗണ്ടറികളും കൊണ്ട് ഉത്സവം തീര്‍ക്കുന്ന ക്രിസ് ഗെയ്ലിനെ തുടക്കത്തില്‍തന്നെ നഷ്ടപ്പെട്ടപ്പോള്‍ കരീബിയന്‍ പട നനഞ്ഞ പടക്കമായി. ഓപ്പണര്‍ ജോണ്സന് (42) ആളിക്കത്തിയഞ്ഞു. ബ്രയാന്‍ ലാറയുടെ പിന്മുറക്കാരന് എന്ന വിശേഷണമുള്ള ഡാരന്‍ ബ്രാവോ (59)യുടെ ചെറുതെങ്കിലും ക്ലാസിക് സ്പര്‍ശമുള്ള ബാറ്റിങ്ങായിരുന്നു പിന്നീട് ഗ്യാലറിക്ക് ആശ്വാസമായത്. വാലറ്റം വീറുകാട്ടാതെ കൂടിയായപ്പോള്‍ സന്ദര്‍ശകര്‍ 48.5 ഓവറില്‍ 211ല്‍ ഒതുങ്ങി. ചെറിയ ലക്ഷ്യം തേടിയ ഇന്ത്യയെ ശിഖര്‍ ധവാന്റെ(5) പതനം കുറച്ചുസമയത്തേക്ക് ആകുലപ്പെടുത്തി. എന്നാല്‍ കോഹ്ലിയും രോഹിത്തും ആളിക്കത്തിയതോടെ എല്ലാ ആശങ്കകളും ബൗണ്ടറിക്കപ്പുറത്തേക്ക് ആട്ടിപ്പായിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: