കാസര്‍കോട്: പരിസ്ഥിതി വാദത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തെ തുറന്നെതിര്‍ക്കുന്ന ക്രൈസ്തവ സഭകള്‍ക്ക് പശ്ചിമഘട്ട സംരക്ഷണത്തില്‍ ഇരട്ടത്താപ്പ്. കൂടംകുളം ആണവനിലയം പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് വാദിച്ചവര്‍ പശ്ചിമഘട്ട സംരക്ഷണം ജനങ്ങള്‍ക്ക് എതിരെന്ന് നിലപാടെടുക്കുന്നു. രണ്ടിടത്തും മനുഷ്യന്റെ ഭയാശങ്കകളെ ചൂഷണം ചെയ്ത് തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നതിന് രാഷ്ട്രീയ നേതൃത്വത്തെ പിന്നാലെ നടത്തിക്കാന്‍ സഭകള്‍ക്ക് കഴിയുന്നു.
ജനങ്ങളുടെ സുരക്ഷിതത്വവും നിലനില്‍പ്പും സംബന്ധിച്ച വ്യാജ പ്രചരണമാണ് കൂടംകുളത്തും നടന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനെതിരെ എന്ന പോലെ സമരാഹ്വാനം ആദ്യം ഉയര്‍ന്നതും പള്ളികളിലാണ്. തിരുനെല്‍വേലിയിലെ സെന്റ് ലൂര്‍ദ് ചര്‍ച്ച് ആയിരുന്നു ആദ്യ സമരവേദി. ക്രിസ്ത്യന്‍ ജനപ്രതിനിധികളും കന്യാസ്ത്രീകളും അണിനിരന്ന സമരങ്ങള്‍ക്ക് തൂത്തുക്കുടി ബിഷപ്പ് റവ.ആംബ്രോസ് നേരിട്ടെത്തി നേതൃത്വം നല്കി. ആണവ ദുരന്തത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ പ്രചരിപ്പിച്ച് കുടിയൊഴിപ്പിക്കല്‍ ഭീഷണി ചൂണ്ടിക്കാട്ടി ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു സമരം ചൂടുപിടിച്ചത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ ഇ-മെയില്‍ പ്രചരണം നടത്തി. കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആണവ നിലയം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു.
തങ്ങള്‍ക്കനുകൂലമല്ലാത്ത വികസനം വേണ്ടെന്ന നിലപാടാണ് കൂടംകുളത്ത് ക്രൈസ്തവ സഭകള്‍ സമരത്തിനിറങ്ങിയതിനുപിന്നില്. മതപരിവര്‍ത്തനം മൂലം ക്രൈസ്തവ സ്വാധീനമേഖലയാണ് തിരുനെല്‍വേലി ജില്ല. ആണവനിലയത്തോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന വികസനവും തൊഴില്‍ ലഭ്യതയും സുവിശേഷവത്കരണത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുമെന്ന് സഭാ നേതൃത്വം ഭയപ്പെട്ടിരുന്നു. സമരത്തിന്റെ മറവില്‍ ദ്രാവിഡ, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധത പ്രചരിപ്പിച്ച് വിശ്വാസ്യത നേടിയെടുത്തു. സമരത്തിന് കോടികളുടെ വിദേശഫണ്ട് ഒഴുകിയെത്തിയപ്പോള്‍ ‘ദളിത് ക്രൈസ്തവരുടെ’ പുതിയ മേഖലകളും രൂപപ്പെട്ടു.
ആണവ നിലയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയെങ്കിലും തങ്ങളുടെ അജണ്ടകള്‍ ഒരു പരിധിവരെ സാധിച്ചെടുക്കാന്‍ സഭാ നേതൃത്വത്തിന് സാധിച്ചു. ഇതേ തന്ത്രമാണ് പശ്ചിമഘട്ടത്തിനെതിരെ നടക്കുന്ന സമരങ്ങളിലും ക്രൈസ്തവ സഭാ നേതൃത്വം പയറ്റുന്നത്. സമരാഹ്വാനം ആദ്യം ഉയര്‍ന്നത് പള്ളികളില്‍. ഇടത് വലത് വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വം പിന്നാലെ. കുടിയേറ്റ കര്‍ഷകന്റെ ഭയാശങ്കകളെ ആളിക്കത്തിക്കുന്ന വ്യാജപ്രചരണങ്ങള്‍. ഇടയലേഖനങ്ങള്‍ ഇറക്കിയും നുണപറഞ്ഞും പള്ളിമണിയടിച്ച് ആളെക്കൂട്ടിയും അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന പുരോഹിതര്‍.
കൂടംകുളത്തെ പരിസ്ഥിതി വാദികള്‍ പശ്ചിമഘട്ടത്തില്‍ വികസന വാദം ഉയര്‍ത്തുന്നത് യാദൃശ്ചികമല്ല. ലാഭക്കണക്കുകളാണ് ഇവിടെയും സമരത്തെ നയിക്കുന്നത്. സംസ്ഥാനത്തെ മലയോര മേഖലകള്‍ അപ്പാടെ ക്രൈസ്തവ ലോബിയുടെ സ്വാധീന കേന്ദ്രമാണ്. ഇവിടെ വരുന്ന ഏത് നിയന്ത്രണവും സഭകളുടെ സാമൂഹ്യ സാമ്പത്തിക മേഖലകളെ നിയന്ത്രിക്കലാണ്. വെട്ടിപ്പിടിച്ചതിനേക്കാള് കൂടുതലാണ് മുന്നിലുള്ളവയെന്ന് സഭാ നേതൃത്വത്തിനറിയാം. ആശുപത്രികളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പൊക്കി കച്ചവടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം തടസ്സപ്പെടുമെന്ന ഭയമാണ് സഭാനേതൃത്വത്തെ നയിക്കുന്നത്.
പശ്ചിമഘട്ട മലനിരകളിലെ അതിലോല പ്രദേശത്ത് പോലും ഉടമസ്ഥനില്ലാത്ത നൂറ് കണക്കിന് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ക്വാറികള്‍ക്കും ചുവപ്പ് വ്യവസായങ്ങള്‍ക്കുമാണ് കേന്ദ്രവിജ്ഞാപനത്തിലൂടെ നിയന്ത്രണം വരുന്നത്. ഇതില്‍ത്തന്നെ ഇളവ് നേടാനുള്ള സാധ്യതയുമുണ്ട്. ഇതിനെയാണ് കുടിയൊഴിയേണ്ടി വരുമെന്നും കൃഷി നടത്താനും വീട് വെക്കാനുമാകില്ലെന്നും വ്യാഖ്യാനിച്ച് സമരത്തിന് ആളെക്കൂട്ടുന്നത്. കുടിയേറിയ പുതിയ ആളുകള്‍ക്ക് പട്ടയം നല്‍കണമെന്ന ആവശ്യവും സഭാ നേതൃത്വം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ഉള്ളിലിരിപ്പ് വ്യക്തമാവുകയാണ്. ക്വാറി മാഫിയകളുടേയും സഭാനേതൃത്വത്തിന്റേയും നിലപാടുകള്‍ ഒന്നാകുന്നതിന്റേയും ഉത്തരം തേടേണ്ടതുണ്ട്. ക്രൈസ്തവ സഭകളോടൊപ്പം കേരളത്തില്‍ നിന്നും കൂടംകുളത്തേക്ക് സമരം നയിച്ച പരിസ്ഥിതി പ്രേമികളെയും പുതിയ സാഹചര്യത്തില്‍ കാണാനില്ല.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: