തിരുവനന്തപുരം: കെ.എം.മാണി വീണ്ടും കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. ഭരണമുന്നണിയില്‍ നിന്നും കെ.എം.മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ്സിനെ അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. മാണിയുടെ ഓരോ ചലനവും ആശങ്കയോടെ നിരീക്ഷിക്കുകയാണ് കോണ്‍ഗ്രസ്സ്.
പി.സി.ജോര്‍ജിനെതിരെ കോണ്‍ഗ്രസും ജോസഫ് ഗ്രൂപ്പും തുടരുന്ന പടയൊരുക്കം അനുകൂലമാക്കാന്‍ സിപിഎം പല അടവുകളുമാണ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിനെ ക്ഷയിപ്പിക്കാന് ഉമ്മന്‍ചാണ്ടി സംഘടിത നീക്കം നടത്തുകയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
മൂന്നുമാസം മുമ്പ് മാണിയെഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ സിപിഎം ചില ദൂതന്മാരെ നിയോഗിച്ചിരുന്നു. മാണി മറുകണ്ടം ചാടുമെന്ന് പരക്കെ പ്രതീക്ഷിക്കുകയും ചെയ്തതാണ്. എന്നാല്‍ വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാത്തതിനാല്‍ ശ്രമം താനേ അന്നവസാനിപ്പിച്ചു.
അതിനുശേഷമാണ് മുഖ്യമന്ത്രിയാകാന്‍ സര്‍വധാ യോഗ്യന്‍ മാണിയാണെന്ന പ്രസ്താവന ഇടതുമുന്നണിയുടെ ചില നേതാക്കളില്‍ നിന്നുണ്ടായത്. ഉമ്മന്‍ചാണ്ടി ചെയ്യുന്നതിനെക്കാള്‍ ജീവകാരുണ്യ സഹായങ്ങള്‍ നല്‍കുന്നത് ധനമന്ത്രിയാണെന്ന് കോടിയേരി പുകഴ്ത്തിപ്പറയുകയും ചെയ്തു. ഇപ്പോഴിതാ പാലക്കാട് നടക്കുന്ന സിപിഎം പ്ലീനത്തില്‍ മാണിയെ ക്ഷണിക്കുകയും ചെയ്തിരിക്കുന്നു.
കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തിന്റെ സ്വാഭാവിക സുഹൃത്ത് എന്ന രീതിയിലാണ് നേതാക്കള്‍ പലരും അവതരിപ്പിക്കുന്നത്. വരുന്ന 27നാണ് സിപിഎം പ്ലീനം ആരംഭിക്കുന്നത്. 28ന് നടക്കുന്ന സാമ്പത്തിക ബദല്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിലേക്കാണ് മാണിയെ ക്ഷണിച്ചിട്ടുള്ളത്.
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ഇടതു മുന്നണിയിലെടുക്കാന്‍ ‘പള്ളിയെ തള്ളിപ്പറയണം’ എന്ന ഉപാധിയായിരുന്നു ഇഎംഎസ് മുന്നോട്ടുവച്ചിരുന്നത്. ഇന്ന് പള്ളി നിര്‍മ്മിച്ചു നല്കുന്ന അവസ്ഥയിലേക്ക് സിപിഎം മാറിയപ്പോള്‍ മാണിയെ ഉള്‍ക്കൊള്ളാന്‍ തടസ്സങ്ങളിലെന്ന സന്ദേശമാണ് അണികള്‍ക്ക് നല്കിക്കൊണ്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് തര്‍ക്കം മാണിയെ ഇടതു ചേരിയിലെത്തിക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.
കേരളാ കോണ്‍ഗ്രസ്സിനെയും മാണിയെയും അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ശ്രമം ആരംഭിച്ചു. അവര്‍ ആവശ്യപ്പെടുന്നവിധം രണ്ടാമതൊരു ലോക്സഭാ സീറ്റുകൂടി നല്‍കുന്നകാര്യം ഹൈക്കമാണ്ടുമായി കെപിസിസി ചര്‍ച്ച ചെയ്യും. അതിനുമുമ്പ് സുപ്രധാനമായ മറ്റൊരാവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. വനഭൂമി പട്ടയനിയമത്തില് ഭേദഗതി വരുത്താനുള്ള തീരുമാനമാണത്.
മലയോര കയ്യേറ്റക്കാര്‍ക്ക് പട്ടയം വേണമെന്ന മുഖ്യ ആവശ്യക്കാര്‍ കേരളാ കോണ്‍ഗ്രസ്സുകാരായിരുന്നു. മാണി റവന്യൂവകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് പട്ടയമേളകള്‍ സംഘടിപ്പിച്ച് കയ്യേറ്റങ്ങളെ നിയമവിധേയമാക്കിയത്. പട്ടയം കിട്ടിയ ഭൂമി വില്‍പ്പന നടത്താന്‍ പാടില്ലെന്നായിരുന്നു നിയമം. 25 വര്‍ഷത്തിനുശേഷമേ പട്ടയഭൂമി കൈമാറ്റം ചെയ്യുവാന്‍ പാടുള്ളു എന്ന നിയമമാണ് മാറ്റാന്‍ മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചത്.
ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ട് ചവറ്റുകൊട്ടയില്‍ തള്ളണമെന്ന ആവശ്യം കേരളാകോണ്‍ഗ്രസ് മുദ്രാവാക്യമായി ഏറ്റെടുത്തുകഴിഞ്ഞു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: