ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്മോഹന്സിങ്ങിനു പിന്നാലെ ധനമന്ത്രി പി.ചിദംബരവും സിബിഐക്കെതിരെ രംഗത്തെത്തി. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടുന്ന തരത്തില്‍ സിബിഐയും സിഎജിയും അന്വേഷണം കൊണ്ടുപോകുന്നതിനെതിരെ ദല്‍ഹിയില്‍ നടന്ന സിബിഐ കോണ്‍ഫറന്‍സില്‍ ചിദംബരം ശക്തമായി വിമര്‍ശിച്ചു.
ഏജന്‍സികള്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ നില്‍ക്കാതെ ഭരണനിര്‍വ്വഹണ സമിതി തീരുമാനങ്ങള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോവുകയാണ്. നയരൂപീകരണവും കുറ്റകൃത്യങ്ങളും തമ്മിലുള്ള അതിരു കാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ പ്രതിജ്ഞാബദ്ധമാണ്. പൊതു സേവകര്ക്കെതിരായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഭരണ നിയമങ്ങളുടെ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന പരിശോധന അന്വേഷണ ഏജന്‍സികള്‍ സ്വയം നടത്തണം. സര്‍ക്കാര്‍ നയങ്ങളുടെ ഫലമായുണ്ടാകുന്ന തീരുമാനങ്ങളിലെ വീഴ്ചകളേപ്പറ്റി അന്വേഷിക്കുന്നതിന് സിബിഐക്ക് അധികാരമില്ല. വ്യാവസായിക വാണിജ്യ വിഷയങ്ങളിലെ തീരുമാനങ്ങളില്‍ കുറ്റകൃത്യം കാണുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. സിബിഐ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സിബിഐക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സര്‍ക്കാര്‍ നയങ്ങളില്‍ ഇടപെടാനും അന്വേഷണം നടത്താനും ഏജന്‍സിക്ക് അധികാരമില്ലെന്നും മന്‍മോഹന്‍സിങ് പറഞ്ഞിരുന്നു.
സര്‍ക്കാര്‍ നയങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കല്‍ക്കരി,സ്പെക്ട്രം കേസുകളില്‍ സിഎജി നടത്തിയ ഇടപെടലുകള്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. സുപ്രധാനമായ ഈ രണ്ടു കേസുകളും അന്വേഷിക്കുന്ന സിബിഐക്ക് വ്യക്തമായ മുന്നറിയിപ്പു സന്ദേശം നല്‍കുകയെന്ന ഉദ്ദ്യേശവും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമുണ്ടെന്ന് വ്യക്തമാണ്.
അതിനിടെ പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും നടപടികള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. സിബിഐയുടെ വായ മൂടിക്കെട്ടാനുള്ള പരസ്യമായ നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവധേക്കര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നയത്തിന്റെ പേരുപറഞ്ഞ് തട്ടിപ്പു നടന്നതിനെ ന്യായീകരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. 50 ലക്ഷം കോടി രൂപയുടെ 17 ബില്യണ്‍ ടണ്‍ കല്‍ക്കരി 140 കമ്പനികള്‍ക്കായി വെറുതെ വീതിച്ചു കൊടുത്തതിനെ സര്‍ക്കാര്‍ നയമെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ല. സിബിഐക്ക് സ്വതന്ത്ര പദവി നല്‍കുന്നതിനെ കോണ്‍ഗ്രസ് നേതൃത്വം എതിര്‍ക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കുന്ന നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രകാശ് ജാവധേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: