തിരുവനന്തപുരം: ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യത്തിനും ചീഫ് സെക്രട്ടറി ഭരത്ഭൂഷണിനുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ടോമിന് തച്ചങ്കരിയുടെ കത്ത്. തന്നെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നു കാണിച്ച് ഡിജിപി, ചീഫ്സെക്രട്ടറിക്ക് അയച്ച കത്ത് നിയമവിരുദ്ധമാണെന്നു കാട്ടിയാണ് ഐജി തച്ചങ്കരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഡിജിപിയുടെ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഗൂഢാലോചനയെന്നും ആരോപണമുണ്ട്. ഡിജിപിയുടെ ഫോണ്‍വിളികളെ കുറിച്ച് അന്വേഷണം വേണമെന്നും തച്ചങ്കരി കത്തില്‍ ആവശ്യപ്പെടുന്നു. ഡിജിപിക്കെതിരെ നേരത്തെ ചീഫ് സെക്രട്ടറിക്ക് തച്ചങ്കരി നല്കിയ കത്ത് വിവാദമായിരുന്നു. തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് ആദ്യം ചീഫ്സെക്രട്ടറിക്കും ഇപ്പോള്‍ മുഖ്യമന്ത്രിക്കും കത്ത് നല്കിയ നടപടി ചട്ടലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.
ചീഫ്സെക്രട്ടറിയും ഡിജിപിയും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് നടത്തിയതെന്നാണ് തച്ചങ്കരി ആരോപിക്കുന്നത്. ഡിജിപി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലെ കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും കത്തില്‍ പറയുന്നു. തന്റെ മുന്‍കാല റെക്കോഡ് സുതാര്യമല്ലെന്ന പ്രസ്താവന സത്യവിരുദ്ധമാണ്. അപ്രകാരം തെളിയിക്കാനുള്ള രേഖകളോ സംഭവങ്ങളോ ഇല്ല. ഡിജിപിയുടെ കത്ത് മാധ്യമങ്ങള്‍ക്ക് എങ്ങനെ ലഭിച്ചു എന്ന് വ്യക്തമാക്കണം.
എഡിജിപിയായി സ്ഥാനക്കയറ്റം തടയാനുള്ള ശ്രമമായിരുന്നു ഇത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ കൈവശം മാത്രമുള്ള കത്ത് എപ്രകാരം ചോര്‍ന്നു എന്നു കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്. എങ്കിലേ ഭാവിയില്‍ ഇത്തരം രേഖകള്‍ ചോരുന്നതു തടയാനാവൂ. അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്.
ഇപ്പോള്‍ മാര്‍ക്കറ്റ് ഫെഡ് എംഡിയായ തച്ചങ്കരി ഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മുമ്പ് ചീഫ്സെക്രട്ടറിക്കു നല്കിയ കത്തിലും ഉന്നയിച്ചിരുന്നത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: