കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി പി എം നേതാവ് പി. മോഹനനും ഭാര്യ കെ.കെ.ലതിക എം എല്‍ എയും ചട്ടംലംഘിച്ച് കൂടിക്കാഴ്ച നടത്തി. മൂന്ന് പാര്‍ട്ടി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ നിയമം ലംഘിച്ച എംഎല്‍എക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂത്രാശയസംബന്ധമായ രോഗത്തിന് ചികിത്സക്കാണ് പി.മോഹനനെ ജയിലില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത്. തിരിച്ചുപോകും വഴിയാണ് മെഡിക്കല്‍ കോളേജിന് സമീപമുള്ള ഹോട്ടലില്‍ ഭാര്യ കെ.കെ.ലതികയെ കാണാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി. നിഖില്‍, കെ.കെ.ദിനേശന്, കെ.കൃഷ്ണന് എന്നിവരാണ് അനധികൃത കൂടിക്കാഴ്ചയില്‍ കൂടെയുണ്ടായിരുന്നവര്‍. അരമണിക്കൂറിലധികം ഇവര്‍ ഹോട്ടലില്‍ മോഹനനുമൊത്ത് ചിലവഴിച്ചു.
അകമ്പടി പോയ കോഴിക്കോട് എആര്‍ ക്യാംപിലെ ഗ്രേഡ് എഎസ്ഐ ഹാലിദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനൂപ്, സിവില്‍ പോലീസ് ഓഫീസര്‍ ഗണേശന് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ സംഭവം അന്വേഷിക്കും.
റിമാന്റില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവരുമ്പോള്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ, അല്ലെങ്കില്‍ ജയിലില്‍ വെച്ച് ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ സന്ദര്‍ശനം അനുവദിക്കാവൂ എന്നാണ് നിയമം. എന്നാല്‍, ഇവിടെ സിപിഎം നേതാവിന്റെ കാര്യത്തില്‍ എംഎല്‍എയും ചട്ടം ലംഘിച്ചിരിക്കുകയാണ്.
ടി പി വധക്കേസിലെ പതിനാലാം പ്രതിയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.മോഹനന്. നേരത്തെയുള്ള വിവരമനുസരിച്ച് കെ.കെ.ലതിക മോഹനനെ കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: