ന്യൂദല്‍ഹി: ഇസ്രത് ജഹാന് കേസിനെക്കുറിച്ചുള്ള അമേരിക്കയില്‍ പിടിയിലായ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ മൊഴി സിബിഐക്കു കൈമാറാനാവില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). ഇസ്രത് കേസിനെ അട്ടിമറിക്കാനുള്ള സിബിഐയുടെ ശ്രമത്തിന് വലിയ തിരിച്ചടിയാണ് എന്‍ഐഎയുടെ നിലപാട്. അമേരിക്കയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണ അനുസരിച്ച് ഹെഡ്ലിയുടെ മൊഴി മറ്റാര്‍ക്കും കൈമാറാനാവില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കിയിരിക്കുന്നത്.
ഇസ്രത് ജഹാന് ലഷ്കറെ തോയ്ബയുടെ ഭീകരസംഘാംഗമാണെന്ന ഹെഡ്ലിയുടെ മൊഴി അമേരിക്കയില്‍ എഫ്ബിഐ കസ്റ്റഡിയിലുള്ള ഹെഡ്ലിയില്‍ നിന്നും എന്‍ഐഎ ശേഖരിച്ചിരുന്നു. ഈ മൊഴിയുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്കിയ കത്ത് തള്ളിക്കൊണ്ടാണ് ഇത്തരം വിവരങ്ങള്‍ കൈമാറാനാവില്ലെന്ന് എന്‍ഐഎ നിലപാട് സ്വീകരിച്ചിരിക്കുന്നത്. 2000ല്‍ ഗുജറാത്തില്‍ ഭീകരാക്രമണ പദ്ധതിക്കിടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്തിന് പാക്കിസ്ഥാന് ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലുള്ള വ്യക്തതയ്ക്കുവേണ്ടിയാണ് ഹെഡ്ലിയുടെ മൊഴി വേണമെന്ന് സിബിഐ അവശ്യപ്പെട്ടത്. എന്നാല്‍ കേസന്വേഷണം പൂര്‍ത്തിയാക്കി ഇസ്രത് നിരപരാധിയാണെന്ന തരത്തില്‍ കണ്ടെത്തലും നടത്തിയതിനു ശേഷം ഇത്തരത്തിലുള്ള ആവശ്യം ഉന്നയിക്കുന്ന സിബിഐ നടപടി ദുരൂഹതകള്‍ നിറഞ്ഞതാണെന്ന വിലയിരുത്തലിലാണ് എന്‍ഐഎ. കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് സിബിഐയും കോണ്ഗ്രസ്സുമെന്ന ആരോപണവും ശക്തമായതോടെ രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐക്ക് കൈമാറുന്നതില്‍ വലിയ എതിര്‍പ്പ് ദേശീയ അന്വേഷണ ഏജന്സിയിലുണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹെഡ്ലിയുടെ മൊഴി സിബിഐക്ക് കൈമാറേണ്ടെന്ന നിലപാടിലേക്ക് എന്‍ഐഎ എത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണയും എന്‍ഐഎയ്ക്ക് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്.
ഹെഡ്ലിയുടെ മൊഴി സിബിഐയ്ക്കു നല്കിയാല് നിലവിലെ കേസിന്റെ അവസ്ഥ വെച്ച് വിവരങ്ങള്‍ പുറത്തുപോകുമെന്ന് എന്‍ഐഎ വിലയിരുത്തുന്നു. ഇത്തരത്തില്‍ സംഭവിച്ചാല്‍ ഭാവിയില്‍ യാതൊരു സഹകരണവും അമേരിക്കയില്‍ നിന്നും ഉണ്ടാകില്ലെന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടി ഇതുണ്ടാക്കുമെന്നുമാണ് ആഭ്യന്തരമന്ത്രാലയത്തിന്റേയും നിലപാട്. മുംബൈ ഭീകരാക്രണ കേസുമായി ബന്ധപ്പെട്ട് ഹെഡ്ലിയില്‍ നിന്നും ശേഖരിച്ച തെളിവുകളും മൊഴികളും മറ്റ് കേസുകളില്‍ ഉപയോഗിക്കരുതെന്നും ഇന്ത്യയുമായി അമേരിക്ക ധാരണയിലെത്തിയിരുന്നു. ഇക്കാര്യത്തില്‍ നിയമന്ത്രാലയവുമായി ആഭ്യന്തരമന്ത്രാലയം ഉപദേശവും തേടിയിരുന്നു.
കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് പോലീസാണ് ഇസ്രത് ജഹാനേയും കൂട്ടാളികളേയും വെടിവെച്ചു കൊന്നത്. കേസില്‍ ഐ.ബി സ്പെഷ്യല്‍ ഡയറക്ടര്‍ രജീന്ദ്രകുമാറിനേയും മറ്റു രണ്ട് ഐ.ബി ഉദ്യോഗസ്ഥരേയും പ്രതിചേര്‍ക്കുന്നതിന് സിബിഐ ശ്രമിച്ചതോടെയാണ് രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത വര്‍ദ്ധിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയേയും അമിത്ഷായേയും കേസില്‍ പ്രതികളാക്കുന്നതിനുള്ള ഗൂഢലക്ഷ്യത്തോടെയാണ് സിബിഐ കേസന്വേഷണം നടത്തിയതെന്ന ആരോപണങ്ങളും ശക്തമായിരുന്നു.
എന്നാല്‍ മോദിയേയും അമിത്ഷായേയും പ്രതി ചേര്‍ക്കുന്നതിനുള്ള തെളിവുകളില്ലെന്നാണ് സിബിഐ ഇപ്പോള്‍ പറയുന്നത്. രജീന്ദ്രകുമാറിനെതിരെയുള്ള നീക്കങ്ങളും ഐ.ബിയുടെ ശക്തമായ എതിര്‍പ്പോടെ നിലച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഹെഡ്ലിയുടെ മൊഴി സിബിഐക്ക് നല്‍കാനാവില്ലെന്ന നിലപാടുമായി എന്‍ഐഎ രംഗത്തെത്തിയിരിക്കുന്നത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: