തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷം വന്നാല്‍ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും. പ്രതിപക്ഷത്തിന്റെ നിര്‍ദേശംകൂടി ലഭിച്ചശേഷം ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സിറ്റിങ് ജഡ്ജിയുടെ സേവനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ടേംസ് ഓഫ് റഫറന്‍സിന്റെ കാര്യത്തില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു മടിയും കാണിക്കില്ല. സര്‍ക്കാരാണ് ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്ന് അറിയിച്ചത്. ചര്‍ച്ചയ്ക്ക് അവരെ നിര്‍ബന്ധിക്കാനാവില്ല. ഒരിക്കല്‍ ചര്‍ച്ചയ്ക്ക് വന്നില്ലെന്ന് പറഞ്ഞ് ഇനി അവരുമായി ചര്‍ച്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. അടഞ്ഞ അധ്യായമായല്ല സര്‍ക്കാര്‍ പ്രശ്നങ്ങളെ നേരിടുന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണവും സ്ഥാപിച്ചെടുക്കാന്‍ പ്രതിപക്ഷത്തിനായില്ല. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഉതകുന്ന ഏതു നിര്‍ദേശം പ്രതിപക്ഷം വച്ചാലും തള്ളിക്കളയില്ല.
പ്രതിപക്ഷത്തിന് ആരോപണങ്ങള്‍ എഴുതി നല്‍കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടേംസ് ഓഫ് റഫറന്‍സിന്റെ കാര്യത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തിയെന്ന എം.വി.ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നിഷേധിച്ചു. യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷം തന്നെ പറയുന്നുണ്ടല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ അടഞ്ഞ മനസല്ല ഉള്ളത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാരിന്റെ വിശദീകരണത്തോട് ആരും മറുത്തുപറഞ്ഞിട്ടില്ല. ഇടതുമുന്നണി നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഒത്തുതീര്‍ക്കാന്‍ മധ്യസ്ഥരെ ഇടപെടുത്തിയെന്ന ആരോപണവും ശരിയല്ല. ഇക്കാര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ കുഞ്ഞാലിക്കുട്ടിയോ യൂസഫലിയോ മധ്യസ്ഥരായിട്ടില്ല. പ്രധാനപ്പെട്ട കേസെന്ന നിലയില്‍ നിയമസഭയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതെന്നും അതെങ്ങനെ സുതാര്യമല്ലാതാവുമെന്നും ഡി.ജി.പിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. സര്‍ക്കാരിന് ജനങ്ങളോടും നിയമസഭയോടുമുള്ള ബാധ്യതയും അര്‍പ്പണമനോഭാവവുമാണ് പ്രകടിപ്പിച്ചത്. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് ലോക്കല്‍ പോലിസ് അന്വേഷിക്കുന്ന കേസായല്ല സര്‍ക്കാര്‍ സോളാര്‍ കേസിനെ കണ്ടത്. കോടതികളെ ബഹുമാനിക്കുന്നു. ഇന്ത്യന്‍ ജുഡീഷ്യറി നീതിപൂര്‍വമായാണ് പ്രവര്‍ത്തിക്കുന്നത്. സോളാര്‍ കേസില്‍ ചില ബെഞ്ചിന്റെ പരിഗണനയ്ക്കെത്തുമ്പോള്‍ സര്‍ക്കാരിനെതിരായ നിലപാടുണ്ടാവുന്നുവെന്ന അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജനസമ്പര്‍ക്ക പരിപാടി ഉള്‍പ്പടെ പൊതുപരിപാടികളില്‍ താന്‍ പങ്കെടുക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: