തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഇടതുമുന്നണി ഇന്നുമുതല്‍ ഉപരോധസമരം നടത്താനിരിക്കെ ഇരുകൂട്ടരും രഹസ്യധാരണയിലെത്തി. സമരക്കാരെ പോലീസ് വഴിയില്‍ തടയില്ല. സെക്രട്ടറിയേറ്റിന്റെ ഒരു ഗേറ്റ് തുറക്കാനുള്ള സൗകര്യം സമരക്കാരും ഒരുക്കും. രണ്ടുദിവസത്തെ സമരത്തിനുശേഷം പ്രതിപക്ഷത്തെ ചര്‍ച്ചക്ക് വിളിക്കും. ജുഡീഷ്യല്‍ അന്വേഷണ സന്നദ്ധത സര്‍ക്കാര്‍ അറിയിക്കും. സോളാര്‍ കേസിന്റെ കുറ്റപത്രം നല്കിയശേഷമായിരിക്കും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക. ഒപ്പം മുഖ്യമന്ത്രി രാജിസന്നദ്ധതയും അറിയിക്കും. അതുവരെ സമാധാനപരമായ സമരമായിരിക്കും നടക്കുക.
ഇന്ന് കാലത്ത് പ്രത്യേക മന്ത്രി സഭായോഗം ചേരും. തുടര്‍ന്ന് മുഖ്യമന്ത്രി ഗവര്‍ണറെ കാണും.
സെക്രട്ടറിയേറ്റിന്റെ നാലുഗേറ്റും ഉപരോധിച്ച് ഭരണം സ്തംഭിപ്പിക്കായിരുന്നു ഇടതുമുന്നണി തീരുമാനം. ഇതെ തുടര്‍ന്നാണ് സൈന്യത്തെ ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമം കയ്യിലെടുത്ത് അഴിഞ്ഞാടാനും സംഘര്‍ഷം സൃഷ്ടിക്കാനുമാണ് നീക്കമെങ്കില്‍ സര്‍ക്കാര്‍ കയ്യുംകെട്ടിയിരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
ഈ നിലപാടുകള്‍ ഇരുകൂട്ടര്‍ക്കും ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് രഹസ്യധാരണക്ക് കാരണം. ഉപരോധം തികച്ചും സമാധാനപരമായിരുക്കുമെന്ന് പിണറായി വിജയന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. ഒരുതരത്തിലുള്ള പ്രകോപനവും ഉണ്ടാക്കരുതെന്ന് സമരത്തിനെത്തുന്നവര്‍ക്ക് നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഓരോ ഉപരോധ കേന്ദ്രത്തിലും സമരത്തിനു നേതൃത്വം നല്കുന്ന നേതാക്കള്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടതു പ്രവര്‍ത്തകരല്ലാത്ത ആരെങ്കിലും ഉപരോധത്തിനെത്തിയാല് പ്രത്യേകം നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സമാധാനപരമായി ഉപരോധമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നേതാക്കള്‍ അടക്കം സെക്രട്ടേറിയറ്റിനു മുന്നില്‍ മുഴുവന്‍ സമയവുമുണ്ടാകും. പാര്‍ട്ടി ഭാരവാഹികള്‍ മാത്രമാണ് സമരത്തിനെത്തുന്നത് എന്നതിനാല്‍ ഇത് നടപ്പിലാക്കുക പ്രയാസമാകില്ല. അടുത്തകാലത്ത് നടത്തിയ സമരങ്ങളെല്ലാം പൊളിഞ്ഞതിനാല്‍ ഈ സമരം പാളിയാല്‍ അത് സിപിഎമ്മിന് വന്‍ തിരിച്ചടിയാകും. സൈന്യത്തെക്കൂടി വിളിച്ച സാഹചര്യത്തില്‍ പ്രശ്നം ഉണ്ടാകില്ലന്നുറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാറിനുമുണ്ട്.
സമരം പ്രഖ്യാപിച്ചിരിക്കുന്നവരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ നിലപാടും ചര്‍ച്ചയ്ക്കുശേഷം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്നുള്ള യുഡിഎഫ് തീരുമാനവും ധാരണയുടെ പശ്ചാത്തലത്തിലുള്ളതാണ്. സെക്രട്ടറിയേറ്റിന്റെ നിയത്രണം പട്ടാളത്തിനായിരിക്കുമെന്ന പ്രസ്താവന ആഭ്യന്തരമന്ത്രി ഇന്നലെ തിരുത്തുകയും ചെയ്തു.
എട്ടു മണിക്കാണ് ഉപരോധം ആരംഭിക്കുക. പത്തു മണിക്ക് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റില്‍ ഉദ്ഘാടനം നടക്കും. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, സിപിഎം പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍, സിപിഐ ദേശീയ നേതാക്കള്‍ തുടങ്ങി നേതാക്കളുടെ വന്‍ നിരയാണ് ഉപരോധത്തിനെത്തുന്നത്. സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപരോധം സമരം നടക്കുമ്പോള്‍ പ്രാദേശിക തലത്തിലും ഇടതു പ്രവര്‍ത്തകരുടെ സാനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. സിപിഎം ഏരിയാ സെക്രട്ടറിമാര്‍ ഉപരോധ സമരത്തിനെത്തേണ്ടതില്ലെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇവര്‍ സ്വന്തം പ്രദേശങ്ങളില്‍ തുടരണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നവര്‍ പരമാവധി ഒരാഴ്ച തുടരും. തുടര്‍ന്നു ഇവര്‍ക്കു പകരം മറ്റു പ്രവര്‍ത്തകര്‍ എത്തും. ഉപരോധത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വിവിധ ബഹുജന സംഘടനകളുടെ പ്രകടനങ്ങളുമുണ്ടാകും.
പൊലീസും ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിനു പരിസരത്തുള്ള അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ ചുമതല പൊലീസ് സൂപ്രണ്ടുമാര്‍ ഏറ്റെടുത്തു.
സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ്,രണ്ടാം ഗേറ്റ്, നാലാം ഗേറ്റ് എന്നിവ അതീവ സുരക്ഷാ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ സായുധ പൊലീസ് സുരക്ഷ ഒരുക്കും. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള ഗേറ്റുകളില്‍ ഉപരോധം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പ്രധാന ഇടറോഡുകളിലും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുരക്ഷ ഒരുക്കുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ ജീവനക്കാരെ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിലും റെയില്‍വെ സ്റ്റേഷനിലും നിന്നും പ്രത്യേക ബസ് സര്‍വീസുകളുണ്ടാകും. എന്‍ജിഒ ക്വാര്‍ട്ടേഴ്സുകളില്‍ നിന്നും വാഹന സൗകര്യമൊരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ഉപരോധം നടക്കുന്ന ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് അവധി നിഷേധിച്ചിട്ടുണ്ട്. അവധിയിലായിരിക്കുന്നവരോട് ഹാജരാകുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: