കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി തനിച്ച് മുന്നൊരുക്കങ്ങള്‍ നടത്താനുള്ള മുസ്ലിംലീഗ് തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിനുള്ള മുന്നറിയിപ്പ്. വെള്ളിയാഴ്ച കോഴിക്കോട് നടന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് യുഡിഎഫ് സംവിധാനത്തെ വെട്ടിലാക്കുന്ന തീരുമാനം ലീഗ് കൈക്കൊണ്ടത്. യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഹൈക്കമാന്റ് ഇടപെടുമെന്നപ്രതീക്ഷ അസ്ഥാനത്തായപ്പോഴാണ് മുസ്ലിംലീഗ് അറ്റകൈ പ്രയോഗം നടത്താനൊരുങ്ങിയത്. മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കുന്നത് ബുദ്ധിയാവില്ല എന്ന അഭിപ്രായം മാനിച്ചാണ് മലബാര്‍ മേഖലയില്‍ സപ്തംബര്‍ 20നകം ബൂത്ത്തലം മുതല്‍ ജില്ലവരെയുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ലീഗ് തീരുമാനിച്ചത്.
തെരെഞ്ഞെടുപ്പിന് വേണ്ടിയള്ള തയ്യാറെടുപ്പ് എന്ന നടപടിയേക്കാള്‍ ലീഗ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള തന്ത്രമായിട്ടാണ് മുന്നോട്ട് പോകുന്നത്. മുന്നണിയിലെ പ്രശ്നങ്ങള്‍ തീരുന്നതുവരെ കാത്തിരിക്കാന്‍ ലീഗിനാവില്ലെന്നാണ് പരസ്യമായി പറയുന്നതെങ്കിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുമ്പ് ഹൈക്കമാന്റിടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന അന്ത്യശാസനമാണ് ഇതിലടങ്ങിയിട്ടുള്ളത്. സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകുന്നതിനും മടിക്കില്ല എന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ സൂചനയും ഇതാണ് കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയാണ് യോഗം ചുമതലപ്പെടുത്തിരിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ വിവാദ പ്രസ്താവന മുതല്‍ വീക്ഷണം ലേഖനം വരെയുള്ള കാര്യങ്ങളില്‍ മുസ്ലിംലീഗിന് കടുത്ത അതൃപ്തിയാണുള്ളത്. യുഡിഎഫ് സംവിധാനത്തില്‍ മുസ്ലിംലീഗ് ഇത്രയധികം മാനംകെട്ട സാഹചര്യം ഉണ്ടായിട്ടില്ലെങ്കിലും കടുത്ത നിലപാടെടുക്കാന്‍ മുസ്ലിംലീഗ് തയ്യാറാവുന്നില്ലെന്നതും കൗതുകകരമാണ്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് അനുനയസമീപനം ഉണ്ടാവണമെന്ന് ശഠിക്കുന്നതും കടുത്ത തീരുമാനങ്ങളില്‍ നിന്ന് ലീഗിനെ പിന്‍വലിപ്പിക്കുന്നതെന്നുമാണ് നിരീക്ഷിക്കപ്പെടുന്നത്.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: