തിരുവനന്തപുരം: സ്വാമി തഥാതന് ആദ്ധ്യാത്മിക സാമൂഹ്യരംഗത്ത് സമൂഹനന്മ ലക്ഷ്യമാക്കി നടത്തുന്ന പ്രവര്‍ത്തന മാതൃക അനുകരണീയമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ധര്മപ്രവാചകന് തഥാതന്റെ സാന്നിദ്ധ്യത്തില്‍ 2014 ഫെബ്രുവരി 6 മുതല്‍ 12വരെ പാലക്കാട്ട് നടക്കുന്ന 4-ാമത് ധര്മസൂയമഹായാഗത്തിന്റെ സന്ദേശസമ്മേളനം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യാഗത്തിലൂടെ സമൂഹത്തിന് നന്മയുടെ ശക്തിയും സന്ദേശവും പ്രദാനം ചെയ്യാന്‍ ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഭാരതത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനും സാധാരണക്കാരായവരെ കര്‍മ്മോന്മുഖരാക്കാനും ചിരപുരാതനസങ്കല്പ്പം, അദ്ധ്യാത്മികത തുടങ്ങിയവ ഉണര്‍ത്തിയെടുക്കാനും ഇത്തരം യാഗങ്ങള്‍ ഉപകരിക്കാമെന്ന് ആശംസാപ്രസംഗത്തില്‍ മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. 38 ലേറെ രാജ്യങ്ങളില്‍നിന്നുള്ള വിശിഷ്ട വ്യക്തികള്‍ ഈ മഹായാഗത്തില്‍ പങ്കെടുക്കും. സനാതന ധര്മ്മമൂല്യത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ താഴേക്കിടയിലെത്തിക്കാന് ശ്രമം തുടരണം. ഭാരതം ധര്‍മ്മത്തിലൂടെ നിലനില്‍ക്കണം അതിനുള്ള പ്രയത്നമാണ് പാലക്കാട്ട് നടക്കാന്‍പോകുന്ന യാഗമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
യാഗത്തിന്റെ ഉദ്ദേശശുദ്ധി തന്നെ ആര്ഷിച്ചതായും ഈ യാഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരവരുടേതായ സംഭാവനകള്‍ നല്കാന് സാധിക്കുമെന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
അഹിംസാത്മകമായ നവതലമുറയുടെ ആവിര്ഭാവംകൊണ്ടുമാത്രമേ ഇനിലോകത്തിന് രക്ഷയുണ്ടാകൂ എന്ന് യാഗസന്ദേശം നല്‍കികൊണ്ട് വണ്ടിത്താവളം തപോവരിഷ്ഠാശ്രമ ആചാര്യന് തഥാതന് പറഞ്ഞു. വിശ്വമാനവീകതയിലേക്ക് വളര്‍ന്ന് വികസിക്കേണ്ട മാനവസമൂഹം സങ്കുചിതമായ വ്യക്തിത്വത്തിലും സ്വാര്‍ത്ഥതയിലും തളച്ചിടുകയാണ്. പ്രപഞ്ചത്തില്‍ നിത്യസത്യമായി ജീവിക്കാന്‍ പഠിപ്പിച്ച സംസ്കാരമാണ് ആര്‍ഷഭാരതസംസ്കാരം. മനുഷ്യന് നഷ്ടമായ സനാതന സത്യത്തെ പുനഃസ്ഥാപിക്കണം. ഇന്ന് മനുഷ്യന്റെ വിശാലത ചുരുങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യര്‍ ശ്രേഷ്ഠനാകണമെങ്കില് വിശാലമനസ്കനാകണം. മൃഗതലത്തില്‍ നിന്ന് മാനവികതലത്തിലേക്ക് വികസിക്കുന്നവനാണ് മാനവനെന്നും തഥാതന് തുടര്‍ന്നുപറഞ്ഞു.
ശ്രീ തഥാതന് എഴുതിയ ധര്മയാനം എന്ന പുസ്തകം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കജകസ്തൂരി എംഡി ഡോ. ഹരീന്ദ്രന്‍ നായര്‍ക്ക് നല്കി പ്രകാശനം ചെയ്തു.
തപോവരിഷ്ഠാശ്രമം പ്രതിനിധി ഇ.കെ.സന്തോഷ്കുമാര്‍ ആമുഖപ്രഭാഷണം നടത്തി. മലബാര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ.എ.ചന്ദ്രന്, നഗരസഭാ കൗണ്‍സിലര്‍ പി. അശോക് കുമാര്‍, സി.കെ.കുഞ്ഞ്, ശാരദാമ്മ തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. വര്‍ക്കിംഗ് ചെയര്മാന് എം. ഗോപാല്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പുന്നാവൂര്‍ അശോകന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: