മുണ്ടക്കയം: കോരുത്തോട് എന്ന മലയോര ഗ്രാമം കേരളത്തിന്റെ കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ തോമസ് മാഷിനെ ഭാരതത്തിന്റെ അത്യുന്നത പുരസ്കാരം തേടിയെത്തുമ്പോള്‍ കോരുത്തോട് മലയോര മേഖലയ്ക്കിത് അഭിമാനമുഹൂര്‍ത്തം. കോരുത്തോട് സികെഎംഎച്ച്എസ്എസ് സ്കൂളിനെ നിരവധിതവണ സംസ്ഥാന കായികമേളയില്‍ ഒന്നാമതെത്തിച്ചത് മാഷിന്റെ കഠിനപ്രയത്നമായിരുന്നു. ഒളിമ്പിക്സിലും ഏഷ്യാഡിലും ഒക്കെതന്നെ തോമസ് മാഷിന്റെ ശിഷ്യന്മാര് പത്തരമാറ്റോടെ കോരുത്തോട് സ്കൂളിന്റെ വരവറിയിച്ചു. ഒളിമ്പിക്സ് മെഡല്‍ ജേതാവ് ജോസഫ് ജി. ഏബ്രഹാം, ലോകനിലവാരമുള്ള കായികതാരങ്ങളായ ജിന്‍സി ഫിലിപ്പ്, ഷൈനി വില്‍സണ്‍, മോളി ചാക്കോ തുടങ്ങി മാഷിന്റെ ശിഷ്യഗണങ്ങള്‍ നിരവധിയാണ്. ഇവരൊക്കെ രാജ്യാന്തര കായികമേളയില്‍ മികവ് പുലര്‍ത്തിയവരാണ്.
കോരുത്തോട് എന്ന ഗ്രാമത്തെ കേരളമാകെ അറിഞ്ഞതുതന്നെ കായികലോകത്തിലെ മുന്നേറ്റത്തിന്റെ പേരിലായിരുന്നു. കോരുത്തോട്ടിലെ സികെഎംഎച്ച്എസ്എസ്സ് സ്കൂളിന്റെ മുന്നേറ്റത്തിലും ഗ്രാമത്തിന്റെ വികസനത്തിലും മാഷിന്റെ സംഭാവന നിസ്തുലമാണ്. പ്രത്യേക കാരണങ്ങളാല്‍ മാഷ് പിന്നീട് സെന്റ് ജോര്‍ജ്ജ് യു.പി സ്കൂളിലും ഏന്തയാര്‍ ജെ.ജെ. മര്‍ഫി സ്കൂളിലും വണ്ണപ്പുറം എസ്എന്‍എംഎച്ച്എസ്എസ് സ്കൂളിലും തന്റെ കായികജോലി തുടര്‍ന്നെങ്കിലും കോരുത്തോട് സ്കൂളിനും നാട്ടുകാര്‍ക്കും മാഷ് ഇന്നും പ്രിയപ്പെട്ടവന് തന്നെ. ഇതിന് തെളിവാണ് മാഷിന് രാഷ്ട്രത്തിന്റെ ഏറ്റവും വലിയ കായികബഹുമതി കിട്ടിയതറിഞ്ഞപ്പോള്‍ മുതല്‍ നാടും സ്കൂളും അഭിമാനബോധത്താല്‍ പുളകിതരായത്.
കോരുത്തോട് അടുപ്പുകല്ലേപടിയിലാണ് മാഷിന്റെ വീടെങ്കിലും പ്രാക്ടീസിന്റെ ഭാഗമായി വണ്ണപ്പുറത്താണ് ഇപ്പോള്‍ സ്ഥിരതാമസം. അവധി ദിവസങ്ങളില്‍ മാഷ് തന്നെ താനാക്കിയ നാട്ടിലേക്ക് വരുന്നതും പതിവാണ്.
ആര്. രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: