ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്. ജമ്മുകാശ്മീരിലെ ഉറിസെക്ടറിലാണ് പാക്സേന ഇന്ത്യന്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചടിച്ചു. ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ രണ്ട് പാക്കിസ്ഥാന് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. വെടിവെയ്പ് 90 മിനിറ്റിലധികം നീണ്ടുനിന്നു. ഇന്നലെ രാവിലെയായിരുന്നു ആക്രമണമുണ്ടായത്.
പൂഞ്ച് മേഖലയില്‍ ഉണ്ടായ ആക്രമണം ഒരുദിവസം മാത്രം മുമ്പായിരുന്നു. നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാക്കുകയാണ്. പൂഞ്ചില്‍ പാക് സേന നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം വരുന്ന പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍ നിയന്ത്രണരേഖയ്ക്ക് 400 മീറ്റര്‍ ഉള്ളിലുള്ള സൈനികപോസ്റ്റ് ആക്രമിക്കുകയായിരുന്നു.
പാക് ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച ജവാന്മാര്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കരസേനാ മേധാവി ബിക്രംസിംഗ് ജമ്മുവിലെത്തി. തുടര്‍ന്ന് കഴിഞ്ഞദിവസം ആക്രമണമുണ്ടായ പൂഞ്ച് സെക്ടറിലെ സ്ഥിതിഗതികള്‍ അദ്ദേഹം നേരിട്ടെത്തി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: