കോഴിക്കോട്: ഹിന്ദുസ്ഥാനി സംഗീതത്തിനുവേണ്ടി ജീവിതം മാറ്റിവെച്ച ശരത്ചന്ദ്രമറാഠെ (84) അന്തരിച്ചു. ഇന്നലെ വൈകുന്നേരം 7.45ന് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഭാര്യ മനീഷയും ശിഷ്യരും മരണസമയത്ത്് സമീപത്തുണ്ടായിരുന്നു. രണ്ടാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഗുരുതരമായ നിലയില്‍ ഇന്നലെ രാവിലെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വൈകുന്നേരത്തോടെ സ്ഥിതി കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
1929ല്‍ മഹാരാഷ്ട്രയിലെ സിദ്ധേശ്വര്‍ ഗ്രാമത്തില്‍ രഘുനാഥ് മറാഠയുടെയും ജാനകിയുടേയും മകനായിട്ടാണ് ശരത് ചന്ദ്ര മരാഠെയുടെ ജനനം. മക്കളില്‍ പത്താമനായി ജനിച്ച ശരത്ചന്ദ്ര വീടുകളില്‍ ഹാര്‍മോണിയം വായിച്ച് പണം സമ്പാദിച്ചിരുന്നു. അച്ഛനില്‍നിന്നാണ് സംഗീതം പകര്‍ന്നു കിട്ടിയത്. ചെറുപ്പം മുതല്‍ ഹിന്ദുസ്ഥാനിയുടെ ആഴങ്ങളിലേക്കിറങ്ങിയ മറാഠെ അവിടെ റെയില്‍വേയില്‍ സ്റ്റെനോഗ്രാഫറായി ജോലിനോക്കുമ്പോഴാണ് അപ്രതീക്ഷിതമായി 1952ല്‍ കേരളത്തില്‍ എത്തിപ്പെടുന്നത്. പിന്നീട് തിരിച്ചുപോയില്ല.
പൂമുള്ളിമനക്കല് രാമന് നമ്പൂതിരിയെ ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. രാജകുടുംബങ്ങളിലുള്ളവരെ സംഗീതം പഠിപ്പിച്ചശേഷം കേരളത്തില്‍ തുടരുകയായിരുന്നു. പിന്നീട് കോഴിക്കോടിന്റെ മഹത്തായ സംഗീത പാരമ്പര്യത്തില്‍ ഇഴുകിച്ചേര്‍ന്ന മറാഠെ ജി. അരവിന്ദനടക്കം പ്രമുഖരുടെ ഗുരുവായി മാറി. സംഗീതത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ഇദ്ദേഹത്തിന് ദാരിദ്ര്യം വിട്ടുമാറിയിരുന്നില്ല. ചിന്താവളപ്പിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന മറാഠെ പിന്നീട് സര്‍ക്കാര്‍ സഹായത്താല്‍ മെഡിക്കല്‍ കോളേജിനടുത്തുള്ള ഭവനബോര്‍ഡിന്റെ വീട്ടിലേക്ക് മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: