അടിമാലി: ദുരന്തനിവാരണസേനയുടെ ഒരുവിഭാഗം മുല്ലപ്പെരിയാറില്‍ നിലയുറപ്പിക്കുമെന്ന് മുഖ്യമന്ത്രി. വണ്ടിപ്പെരിയാറിലും കൊച്ചിയിലുമായായിരിക്കും യൂണിറ്റുകള്‍. ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് കേരളത്തില്‍ വേണമെന്നു കേന്ദ്രത്തോടു ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീയപ്പാറ ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രകൃതിക്ഷോഭക്കെടുതികള് നേരിട്ടുകണ്ടു വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാരുടെ സംഘത്തോട് കേരളത്തില്‍ എത്താന്‍ ആവശ്യപ്പെട്ടതായി പറഞ്ഞ മുഖ്യമന്ത്രി ഇടുക്കിയിലേത് സമാനതകളില്ലാത്ത ദുരന്തമാണെന്നും പറഞ്ഞു.
ഇടുക്കി ജില്ലയില്‍ മലയിടിച്ചില്‍ പതിവാണ്. അതിനെ പ്രതിരോധിക്കാന്‍ സാങ്കേതികമായും പ്രായോഗികമായും നടപടികള്‍ പെട്ടെന്ന് സ്വീകരിക്കും. നേര്യമംഗലം മുതല്‍ വാളറ വരെ പതിമൂന്ന് കിലോമീറ്റര്‍ റോഡിന്റെ വശങ്ങളിലുള്ള മരങ്ങള്‍ വെട്ടുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും. ഏതുനിമിഷവും വീഴാറായ മരങ്ങള്‍ റോഡിന്റെ വശങ്ങളില് നിന്നിട്ടും വനപാലകര്‍ വെട്ടുന്നില്ലെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോഴാണു മുഖ്യമന്ത്രിയുടെ മറുപടി.
ദ്രുതകര്‍മ സേനയ്ക്കായി തമിഴ്നാടിനെയാണ് കേരളം ആശ്രയിച്ചുവരുന്നത്. കേരളത്തില്‍ ദ്രുതകര്മസേനയുണ്ടെങ്കിലും അത്ര ശക്തമല്ല. സംസ്ഥാനത്തെ ഓരോ ജില്ലകളിലും ദ്രുതകര്‍മസേന യൂണിറ്റ് സ്ഥാപിക്കുന്നതിനെ കുറിച്ചു ചര്‍ച്ചചെയ്യും. മുല്ലപ്പെരിയാര്‍, ഇടുക്കിയിലെ മറ്റു ഡാമുകള്‍ എന്നിവ നിറയുന്നതു ആശങ്കപരത്തുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിക്കായി കേന്ദ്രവുമായി സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: