ചീയപ്പാറ: ഇടുക്കിയിലേത് സമാനതകളില്ലാത്ത ദുരന്തമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചീയപ്പാറയിലെ ദുരിതബാധിത പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലേക്ക് മന്ത്രിമാരടങ്ങുന്ന കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥരും ഐ.ജി പത്മകുമാറും ജില്ലാ കളക്ടറും ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും അതിനുശേഷം താന്‍ നേരിട്ട് ദല്‍ഹിയിലെത്തി പ്രധാനമന്ത്രിയോട് സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് കേരളത്തില്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനയുടെയും ദുരന്തനിവാരണ സേനയുടെയും 300 പേരടങ്ങുന്ന സംഘം എത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ കേന്ദ്രീകരിച്ചാവും സേനയുടെ പ്രവര്‍ത്തനം. ദുരന്തനിവാരണ സേനയുടെ ഒരു സംഘത്തോട് മുല്ലപ്പെരിയാര്‍ ഡാമില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നത് ആശങ്കാജനകമാണ്. ഇതേതുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
വനപാതകളില്‍ അപകടകരമായ സാഹചര്യത്തില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ചീയപ്പാറയില്‍ ദുരന്തനിവാരണ സേനയുടെ തെരച്ചില്‍ തുടരുകയാണ്. മണ്ണിനടിയില്‍ നിന്നും ഒരു ബൈക്കും ജീപ്പും പുറത്തെടുത്തിട്ടുണ്ട്. നാട്ടുകാരും നിരവധി സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇപ്പോഴും ഇടുക്കിയിലെ പല പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.
കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും റോഡുകളിലുണ്ടായ തടസം നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.5 അടിയായി ഉയര്‍ന്നിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി ഇതുവരെ കുറഞ്ഞിട്ടില്ലാത്തത് പ്രദേശ വാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ജലനിരപ്പ് 135 അടിക്ക് മുകളിലെത്തിയാല്‍ തീരത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പന്ത്രണ്ട് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് സംഭരണശേഷിയുടെ പരമാവധി ശേഷിയിലെത്തും. 2391 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇടുക്കി പദ്ധതിയുടെ ഭാഗമായ കുളമാവ് അണക്കെട്ടിന് സമീപം റോഡ് ഇടിഞ്ഞ് വീണത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ചീയപ്പാറ ഉരുള്‍പ്പൊട്ടലില്‍ പരിക്കേറ്റ് അടിമാലിയിലെ ആശുപത്രിയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സര്‍വ്വകക്ഷി യോഗത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളും പങ്കെടുക്കും. ഇന്നു രാവിലെ ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സോളാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ബഹിഷകരിച്ചു വരികയായിരുന്ന പ്രതിപക്ഷം ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫ് സംഘം വ്യാഴാഴ്ച ഇടുക്കി സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: