തിരുവനന്തപുരം: മന്ത്രിസഭാ നേതൃമാറ്റവും പുന:സംഘടനയും സംബന്ധിച്ച പ്രശ്നങ്ങള്‍ കോണ്‍ഗ്രസില്‍ തല്ക്കാലം ഒതുങ്ങിയെങ്കിലും വിവാദങ്ങള്‍ യുഡിഎഫില്‍ വന്‍ കലാപങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ പുകച്ചില്‍ പൊട്ടിത്തെറിയില്‍ അവസാനിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല.
രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിപദം എന്ന ആവശ്യം ഉപേക്ഷിക്കേണ്ടിവന്നത് ഘടക കക്ഷികളുടെ ഉപാധിമൂലമാണെന്ന ചര്‍ച്ച സജീവമാണ്. തന്റെ മന്ത്രിപദവിയുടെ പേരില്‍ ആരും വിലപേശേണ്ട എന്ന രമേശിന്റെ പ്രസ്താവന ഘടക കക്ഷികളെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാണ്. മുസ്ലിംലീഗ് കോണ്‍ഗ്രസ്സിന് ബാധ്യതയാകുന്നു എന്ന രമേശിന്റെ പ്രസ്താവന മുമ്പ് ലീഗിനെ ചൊടിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ചെന്നിത്തല ഉരുണ്ടുകളിക്കുകയായിരുന്നു.
ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം നിരാകരിക്കപ്പെട്ടത് ലീഗിന്റെ കടുംപിടിത്തം കൊണ്ടാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. രണ്ടാംകക്ഷിയായ ലീഗിനാണ് ഉപമുഖ്യമന്ത്രിപദവിക്ക് അര്‍ഹത എന്ന് ലീഗ് വ്യക്തമാക്കിയിരുന്നു. കെ.എം.മാണിക്കും അതിനര്‍ഹതയുണ്ടെന്ന് എ ഗ്രൂപ്പുകാരനായ മന്ത്രി കെ.സി.ജോസഫ് പ്രതികരിച്ചതും നിസ്സാരമായി തള്ളാന്‍ പറ്റില്ല. ഇതിനെല്ലാം പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് വ്യക്തമാകുകയാണ്.
ഉപമുഖ്യമന്ത്രിപദവി സൃഷ്ടിക്കപ്പെടുന്നില്ലെങ്കില്‍ ചെന്നിത്തലക്ക് മന്ത്രിസഭയില്‍ രണ്ടാമനെന്ന ധാരണയുണ്ടാക്കുകയും ആഭ്യന്തരവകുപ്പ് നല്‍കുകയും വേണമെന്ന നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടു. വേണമെങ്കില്‍ റവന്യൂ-വനം വകുപ്പുകള്‍ നല്കി രമേശിനെ മൂലയ്ക്കിരുത്താമെന്ന് മോഹിച്ചവരെ നിരാശരാക്കിക്കൊണ്ടാണ് ഒടുവിലത്തെ തീരുമാനം. മന്ത്രിസഭയിലേക്കില്ലെന്ന രമേശിന്റെ തീരുമാനം ഹൈക്കമാണ്ട് അംഗീകരിച്ചതോടെ ആ അധ്യായം തീര്‍ന്നെങ്കിലും പുതിയൊരു തലവേദന യുഡിഎഫില്‍ ഉടലെടുക്കുകയായിരുന്നു.
പുനഃസംഘടന പൊളിഞ്ഞതില്‍ ഘടകകക്ഷികളെ പഴിചാരേണ്ടതില്ലെന്നാണ് മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും പറയുന്നത്. കോണ്‍ഗ്രസ്സിലെ ആഭ്യന്തരപ്രശ്നമാണ് എല്ലാം കുഴച്ചുമറിച്ചത്. പ്രശ്നം തീരാന്‍ ചര്‍ച്ചയ്ക്ക് വരണമെന്നാരും ലീഗിനോട് പറഞ്ഞിട്ടില്ലെന്നാണ് അവരുടെവാദം. ഉപമുഖ്യമന്ത്രിസ്ഥാനം മാര്‍ക്കറ്റില്‍ നിന്ന് വാങ്ങേണ്ടതല്ലെന്ന് മാണിയും പറഞ്ഞിരുന്നു.
രമേശ് ചെന്നിത്തലയാകട്ടെ ഒരുപടികൂടി കടന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ തന്നെ നിറയൊഴിക്കുന്നു.ഉമ്മന്‍ചാണ്ടിക്ക് തന്നെ വേണ്ട എന്ന് കെപിസിസി പ്രസിഡന്റ് പറയണമെങ്കില്‍ അവര്‍ തമ്മിലുള്ള അകല്‍ച്ച എത്ര വലുതാണെന്ന് വ്യക്തമാവുകയാണ്. നേരത്തെ മന്ത്രിസഭാ പുന:സംഘടനയുടെ പേരില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് രമേശ് ആരോപിച്ചിരുന്നതാണ്. കോണ്‍ഗ്രസ്സില്‍ കലാപം കൂട്ടുമെന്ന് മാത്രമല്ല യുഡിഎഫ് ആകെ പുകയുകയാണ്. അതൊടുവില്‍ പൊട്ടിത്തെറിയിലെത്തിയാലും അത്ഭുതപ്പെടാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: