തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ദല്‍ഹിക്ക് തിരിച്ച് പാതിവഴിക്ക് മടങ്ങിയ കെ.എം.മാണി തീര്‍ത്തും നിരാശനാണ്. ദല്‍ഹിയാത്ര ഉപേക്ഷിച്ചശേഷം അദ്ദേഹത്തിന്റെ പ്രതികരണങ്ങളെല്ലാം നിരാശ വ്യക്തമാക്കുന്നതാണ്. ദല്‍ഹിയില്‍ ഹൈക്കമാണ്ടുമായി ചര്‍ച്ച നടന്നെങ്കില്‍ കേരളാകോണ്‍ഗ്രസ് ചില ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഉദ്ദേശിച്ചതാണ്. ഒരു കേന്ദ്രസഹമന്ത്രിസ്ഥാനം കേരളാകോണ്‍ഗ്രസിന് ലഭിക്കണമെന്നതായിരുന്നു അതില്‍ മുഖ്യം. ലോക്സഭാംഗം ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പുതുതല്ല. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച കുരുക്കഴിക്കാന്‍ നടക്കുന്ന ചര്‍ച്ചയില്‍ ആവശ്യം ഊന്നിപ്പറഞ്ഞ് കാര്യം നേടാമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് ചീറ്റിപ്പോയ സ്ഥിതിക്ക് മുന്നണിയെ നിലനിര്‍ത്താനുള്ള ബാധ്യത ഇല്ലെന്ന സൂചനയാണ് മാണി നല്‍കുന്നത്.
കെ.എം.മാണി അപമാനിതനായി യുഡിഎഫില്‍ തുടരേണ്ടതുണ്ടോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുമുണ്ട്. ലീഗിനെപ്പോലെയല്ല മാണി. മാണിക്ക് യുഡിഎഫിന് പുറത്തും സ്വീകാര്യതയുണ്ട്. ഇടത് മുന്നണിയില്‍ മാണിയെ സ്വീകരിക്കുന്നതിന് ഇപ്പോള്‍ വലിയ എതിര്‍പ്പില്ല. മുഖ്യമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ കെ.എം.മാണിയാണെന്ന് സിപിഐ പറഞ്ഞതിനെ തലയാട്ടി മാണി അംഗീകരിക്കുകയും ചെയ്തതാണ്. പുതിയ സാഹചര്യത്തില്‍ മറുകണ്ടം ചാടാന്‍ മാണി ഒരുകാല് പൊക്കിക്കഴിഞ്ഞു എന്നാണ് ഇരുമുന്നണിയിലും അടക്കിപ്പിടിച്ചുള്ള സംസാരം.
അപമാനം സഹിച്ച് കെ.എം.മാണി യുഡിഎഫില്‍ തുടരണോ എന്ന സിപിഎമ്മിന്റെ ചോദ്യം അവര്‍ ഇരുകയ്യും നീട്ടിക്കഴിഞ്ഞു എന്നാണ് വ്യക്തമാക്കുന്നത്. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റേതാണ് ചോദ്യം. അഞ്ചാറുമാസം മുമ്പ് കോടിയേരിയുടെ അറിവോടെയും സമ്മതത്തോടെയും കെ.എം.മാണിയെ യുഡിഎഫില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ നീക്കം നടന്നതാണ്. കൊടുക്കല്‍ വാങ്ങല്‍ ധാരണ ഏതാണ്ട് ഉറപ്പിക്കുന്നതിന് മുമ്പ് രഹസ്യനീക്കം പുറത്താവുകയായിരുന്നു. തുടര്‍ന്ന് യുഡിഎഫ് മാണിയെ കൂടെ നിര്‍ത്താനുള്ള പരിശ്രമം നടത്തി.
മാണിയെ ഇടതുമുന്നണിയില്‍ ഉള്‍ക്കൊള്ളാന്‍ ഘടകകക്ഷികളെല്ലാം മനസ്സാ ഒരുങ്ങിക്കഴിഞ്ഞു. ഉടന്‍ മന്ത്രിസഭയെ തകിടം മറിക്കാന്‍ അവര്‍ക്ക് താല്പര്യമില്ല. എന്നാല്‍ ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള കരുതിവയ്പിലാണവരുടെ നോട്ടം. മാണിയെ കിട്ടിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം സൃഷ്ടിക്കാന്‍ കഴിയുമെന്നവര്‍ പ്രതീക്ഷിക്കുന്നു. യുഡിഎഫിനെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തറപറ്റിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാന്‍ അനായാസം കഴിയുമെന്നുതന്നെയാണ് സിപിഎം കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെയാണ് മാണിയെ മാടിവിളിക്കാന്‍ സന്നദ്ധമാവുന്നത്. ബംഗാള്ഭരണം പോയതോടെ അവശമായ പാര്‍ട്ടിക്ക് കേരളം തിരിച്ചുപിടിച്ചാലേ രക്ഷയുള്ളു. ആ തിരിച്ചറിവുതന്നെയാണ് പുതിയനീക്കത്തിന്റെ പ്രേരണയും.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: