ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. തെലങ്കാന പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറിയും സമ്മേളനം പ്രക്ഷുബ്ധമാകുമെന്നാണ് കരുതുന്നത്. തെലങ്കാനയുടെ കാര്യത്തില്‍ പ്രതിപക്ഷത്തേക്കാള്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് ഭരണപക്ഷത്തെയാണ്. ആന്ധ്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് എംപിമാരും രാജിഭീഷണി മുഴക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ തെലങ്കാനയുടെ കാര്യത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ വിയര്‍ക്കുമെന്നുറപ്പാണ്.
പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇക്കുറി തെലങ്കാന വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ടിആര്‍എസിന്റെ ആവശ്യവും അവഗണിക്കാനാകില്ല. പ്രതിപക്ഷം ഇക്കാര്യത്തില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നതും വ്യക്തമായിട്ടില്ല. പ്രതിപക്ഷ സമരത്തെതുടര്‍ന്ന് കഴിഞ്ഞ ബജറ്റ് സമ്മേളനം അജണ്ടകള്‍ പൂര്‍ത്തിയാക്കാതെ പിരിയുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനു പകരം ബില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമവും പാര്‍ലമെന്റില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെ സമാജ് വാദി പാര്‍ട്ടി രൂക്ഷമായി എതിര്‍ക്കുകയാണ്. എസ്പിക്കു പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളും യുപിഎക്കെതിരെ രംഗത്തുവരുമെന്നാണ് സൂചന. ഭക്ഷ്യസുരക്ഷ ഓര്‍ഡിനന്‍സ് യുപിഎയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ് എന്ന ആരോപണവുമായി ബിജെപിയും എന്‍ഡിഎയും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.
യുപിയിലെ അഖിലേഷ് യാദവ് സര്‍ക്കാരിനെതിരെ ഐഎഎസ് ഓഫീസര്‍മാര്‍ ഉയര്‍ത്തിയിട്ടുള്ള പ്രതിഷേധം ആയുധമാക്കി എസ് പിയെ വരുതിയിലാക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. കേരളത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സോളാര്‍ കേസ് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ബിജെപിയും ഇടതുപക്ഷ പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ക്കുള്ള തെരഞ്ഞെടുപ്പു വിലക്ക്, ആള് ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപക നിയമനത്തിലെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി തുടങ്ങിയവയും സര്‍ക്കാര്‍ നയം വ്യക്തമാക്കേണ്ട വിഷയങ്ങളാണ്. ഈ വിഷയങ്ങളില്‍ എല്ലാ കക്ഷികളും സമാന നിലപാടുകാരായതിനാല് സുപ്രീം കോടതിയുടെ പാര്‍ലമെന്റിനു മേലുള്ള കടന്നുകയറ്റം ഒരു വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: