തൃശൂര്‍: സോളാര്‍ തട്ടിപ്പു കേസ് അട്ടിമറിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തലവന്‍ എഡിജിപി ഹേമചന്ദ്രന് ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ സ്ഥാനത്തു നിന്നു മാറ്റണമെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്. സ്ഥാനമൊഴിയാന്‍ അദ്ദേഹം തയാറായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് അദ്ദേഹത്തെ മാറ്റണമെന്നും സുരേന്ദ്രന് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഹേമചന്ദ്രനു പകരം രാഷ്ട്രീയസ്വാധീനത്തിനു വശപ്പെടാത്ത ഉദ്യോഗസ്ഥനെ നിയമിക്കണം. സാധാരണ പോലീസുകാരനു പോലും അറിയാവുന്ന കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് അദ്ദേഹം. ഐപിഎസ് ഉദ്യോഗസ്ഥന് നടത്തുന്ന ഗൂഢനീക്കത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമാണു നടക്കുന്നത്. പ്രത്യേക അന്വേഷണ സംഘം സംശയത്തിന്റെ നിഴലിലാണ്. ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ ചേര്‍ക്കാതെ അന്വേഷണം നടത്തുന്നതു തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അന്വേഷണ സംഘത്തെ നിയമിച്ചത് സോളാര്‍ കേസിന്റെ നിഗൂഢത പുറത്തു കൊണ്ടുവരാനും നിയമവാഴ്ച ഉറപ്പാക്കാനുമാണ്. അതിനുവിരുദ്ധമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണ സംഘം അട്ടിമറി സംഘമായി.
കേസുകളുടെ ഏകോപനം നടക്കുന്നില്ല. ഓരോ കേസുകളായി എടുത്ത് അന്വേഷിക്കുകയാണ്. സെല്‍വരാജ്, ജിക്കുമോന് ജേക്കബ്, കുരുവിള എന്നിവരെ അറസ്റ്റ് ചെയ്യാന്‍ ഇതേവരെ തയാറായിട്ടില്ല. തട്ടിപ്പിലെ തൊണ്ടിമുതലായ പണം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ല. സരിതയുടെയും തട്ടിപ്പുസംഘത്തിന്റെയും സ്ഥാവരജംഗമ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതേവരെ നടപടിയായിട്ടില്ലെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. കേരളത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല.
സരിത വിളിച്ച മന്ത്രിമാരുടെയുള്പ്പെടെയുള്ള ഉന്നതരുടെ ഫോണ്‍കോളുകളും പരിശോധിക്കുന്നില്ല. ശാലുമേനോന്റെ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണപരിധിയില്‍ വന്നിട്ടില്ല. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ച് കീഴുദ്യോഗസ്ഥര്‍ പോലും അസംതൃപ്തരാണെന്നു സുരേന്ദ്രന് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് കള്ളപ്പണവിനിമയം നടത്താന്‍ ശ്രമിച്ചെന്ന ശ്രീധരന് നായരുടെ പരാതിയെക്കുറിച്ചും പ്രത്യേകഅന്വേഷണസംഘം മൗനം പാലിക്കുന്നു. പിആര്‍ഡി ഡയറക്ടറായിരുന്ന ഫിറോസിനെ അറസ്റ്റ് ചെയ്യാതിരുന്നതും ശാലു മേനോന്റെ അറസ്റ്റ് വൈകിപ്പിച്ചതുമൊക്കെ സംശയമുണര്‍ത്തുന്നതാണ്.
ജയില്‍ ഡിജിപി സരിതയെ ജയിലില്‍ സന്ദര്‍ശിച്ചതും സംശയകരമാണ്. സരിതയുടെ അമ്മ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ബന്ധുവിന്റെ ഫോണില്‍ നിന്ന് സരിത ആരെയോ വിളിച്ചിട്ടുണ്ട്. ഇതും അന്വേഷണത്തിന്റെ പരിധിയിലില്ല. സരിത മജ്സ്ട്രേറ്റിനു മൊഴി നല്കിയപ്പോള് കൂടെയുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചതും സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സോളാര്‍ കേസ് ഉപയോഗിച്ച് ബ്ലാക്ക്മെയിലിംഗ് രാഷ്ട്രീയം കളിക്കുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു. ഇതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹിയില്‍ കണ്ടത്. ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കാന്‍ തിരുവഞ്ചൂര്‍ തയാറാകാതിരുന്നതിനാലാണ് ദല്‍ഹിയിലെ ചര്‍ച്ചകള്‍ പൊളിഞ്ഞത്. മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ക്കും ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരായ സോളാര്‍കേസിലെ തെളിവുകള്‍ കാണിച്ചാണ് തിരുവഞ്ചൂര്‍ രാഷ്ട്രീയം കളിക്കുന്നത്.
മുഖ്യമന്ത്രി സ്വന്തം കസേരയെയും ബന്ധുക്കളെയും സംരക്ഷിക്കാന്‍ കെപിസിസി അധ്യക്ഷനെ ബലിയാടാക്കുകയായിരുന്നു. ലീഗിനെ ഉപയോഗിച്ചാണ് ഇതു ചെയ്തത്. രമേശ് ചെന്നിത്തല അറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറയണം. സോളാര്‍ കേസിന്റെ അന്വേഷണത്തിനെതിരെ രണ്ടു കെപിപിസി ജനറല്‍ സെക്രട്ടറിമാര്‍ തന്നെ പരസ്യ നിലപാടെടുത്തിട്ടും രമേശ് മൗനം പാലിക്കുന്നത് എന്താണെന്നു മനസിലാകുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: