കൊല്ലം: കൊല്ലത്ത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ കരിങ്കൊടി പ്രതിഷേധം. സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സല്യൂട്ട് സ്വീകരിക്കാനെത്തിയതായിരുന്നു മന്ത്രി. മന്ത്രിയെ പ്രതിഷേധക്കാര്‍ വേദിയില്‍ ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു.
ഇന്ന് രാവിലെ എട്ട് മണിയോടെ ആശ്രാമം മൈതാനത്തായിരുന്നു പ്രതിഷേധം നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതെങ്കിലും അദ്ദേഹം എത്തിയില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആശ്രാമം ഗസ്റ്റ്ഹൗസില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ വഴിനീളെ കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ച് മന്ത്രിയെ ട്രാഫിക് സ്റ്റേഷന് മുന്നിലൂടെ പൊലീസ് മൈതാനത്ത് എത്തിച്ചു. ഇതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പല വഴികളിലൂടെ മൈതാനത്തേക്ക് ഓടിക്കയറി. മന്ത്രിയുടെ അടുത്തു വരെ ഇവരെത്തുകയും ചെയ്തു.
ഡി.ജി.പി സി. ബാലസുബ്രഹ്മണ്യം, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: