കൊച്ചി: സ്ത്രീ പീഡനത്തിന് ജോസ് തെറ്റയില്‍ എംഎല്‍എയുടെ പേരില്‍ ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കാലടി സ്വദേശിയായ യുവതിയാണ് തെറ്റയില്‍ തന്നെ മാനഭംഗം ചെയ്തെന്ന പരാതി നല്‍കിയത്. തുടര്‍ന്ന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെറ്റയില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് തെറ്റയിലിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി ജസ്റ്റിസ് ഭവദാസന്‍ 141 പേജുള്ള വിധി പ്രസ്താവിച്ചത്. എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്യുമെന്ന് പീഡനത്തിനിരയായ യുവതിയുടെ അഭിഭാഷകന് പറഞ്ഞു.
എംസിഎ ബിരുദധാരിയായ യുവതിയുടെ പരാതിയിലെ ആരോപണങ്ങള്‍ അസാധാരണമെന്നാണ് ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാണിച്ചത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യത്തേതാണ് ഈ ഹര്‍ജി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബലാത്സംഗത്തിനുള്ള 376-ാം വകുപ്പ്, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്ന 34-ാം വകുപ്പ് എന്നിവ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തെറ്റയിലിനും മകനുമെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ യുവതിക്കായില്ല. തന്റെ സമ്മതത്തോടെയല്ല ലൈംഗികബന്ധം ഉണ്ടായതെന്ന പരാതിക്കാരിയുടെ വാദവും കോടതി തള്ളി. അന്വേഷണ സംഘത്തിനു യുവതി നല്കിയ മൊഴി ദുര്‍ബലമായിരുന്നു. തെറ്റയിലിനെതിരെ പരാതിക്കാരി സമര്‍പ്പിച്ച വീഡിയോ ക്ലിപ്പിങ് മതിയായ തെളിവല്ലെന്നും കോടതി നിരീക്ഷിച്ചു.
യുവതിയുടെ ഫ്ലാറ്റ് നവീകരിക്കാന്‍ ഹര്‍ജിക്കാരന്റെ നിര്‍ദേശപ്രകാരം 40 ലക്ഷം രൂപ ചെലവാക്കിയെന്ന വാദത്തിന് തെളിവുകള്‍ ലഭ്യമല്ല. 2007 മുതല്‍ നടന്ന ലൈംഗികബന്ധത്തെക്കുറിച്ച് പരാതിപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വളരെ വൈകിയാണ്. ആദര്‍ശനിഷ്ഠമായ ഭാരതസംസ്കാരത്തിന് നിരക്കുന്ന കാര്യങ്ങളല്ല നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതിയ സമൂഹത്തിന് ധാര്‍മികത നഷ്ടമായി. ഇത്തരം കേസുകള്‍ കോടതിയെ ആശങ്കപ്പെടുത്തുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് അത് വിഭജിക്കാന്‍ ഹര്‍ജികള്‍ വരുന്നു. പോലീസ് ശരിയായ ദിശയില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകരും. നീതിന്യായ വ്യവസ്ഥ സംരക്ഷിക്കുന്ന സ്ഥാപനമാണ് കോടതി. അതിനാല്‍ ക്രിമിനല്‍ നടപടിക്രമത്തിന്റെ ഭാഗമായ 482-ാം വകുപ്പു പ്രകാരം യുവതിയുടെ പരാതിയും കേസും റദ്ദാക്കുന്നതായും കോടതി വിധിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിന്നീട് വ്യക്തമാക്കിയ യുവതി, തെറ്റയില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുണ്ടെന്നും ആരോപിച്ചു. ആലുവയിലെ ഫ്ലാറ്റിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് യുവതി പ്രതികരിച്ചത്. വിവാഹത്തിന്റെ പേരില്‍ തട്ടിപ്പുണ്ടായിട്ടും പ്രതികള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയില്ല. തനിക്ക് പറയാനുള്ള കാര്യം കേള്‍ക്കാന്‍ അവസരം നല്‍കിയില്ല. ചില കാര്യങ്ങള്‍ രഹസ്യമൊഴിയായി നല്കാന് ആഗ്രഹിച്ചിരുന്നു. അതിനുള്ള സാഹചര്യവും ഒരുക്കിയില്ല. തെറ്റയിലിന്റെ മകന് ആദര്‍ശ് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയിലും നടപടി ഉണ്ടായില്ല, യുവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: