തിരുവനന്തപുരം: ‘ഉപാധി അംഗീകരിക്കില്ലെങ്കില്‍ ഉപമഖ്യമന്ത്രിയും വേണ്ട’. ലീഗിന്റെയും കേരളാകോണ്‍ഗ്രസ്സിന്റെയും നിലപാടില്‍ രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിമോഹം മനസ്സിലടയ്ക്കാം. ഘടകകക്ഷികളുടെ ശക്തമായ നിലപാട് എ കോണ്‍ഗ്രസ്സുകാര്‍ക്കും ആശ്വാസമായി. മന്ത്രിസഭയില്‍ ചേരണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അംഗീകരിച്ച് രമേശ് മന്ത്രിസഭയില്‍ എത്തിയേക്കാം. പക്ഷേ ആഭ്യന്തരം ലഭിക്കുമെന്ന് ഒരുറപ്പുമില്ല. റവന്യൂവകുപ്പ് ഒഴിയാല്‍ അടൂര്‍ പ്രകാശ് സന്നദ്ധത പ്രകടപ്പിച്ചതോടെ ലഭിക്കാന്‍പോകുന്ന വകുപ്പ് എന്താകുമെന്ന് ഏതാണ്ടുറപ്പായി. റവന്യൂ പിന്നെ വനം. വനം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കയ്യിലാണ്. കീഴടങ്ങി നാണംകെട്ട് രമേശ് മന്ത്രിസഭയിലെത്തുമ്പോള്‍ മറ്റ് മന്ത്രിമാരുടെവകുപ്പുകളില് മാറ്റംവന്നേക്കാം. രമേശിന് ദേവസ്വം കൂടി നല്‍കാനും സാധ്യതയുണ്ട്.
മുസ്ലിംലീഗും കേരളാകോ ണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ഹൈക്കമാന്‍ഡ് നേതാക്കള്‍ ദല്‍ഹിയില്‍ നടത്താനിരുന്ന ചര്‍ച്ചകള്‍ അവസാനനിമിഷമാണ് ഉപേക്ഷിച്ചത്. ഇന്നലെ ദല്‍ഹിക്കു പോകേണ്ടിയിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും യാത്ര ഒഴിവാക്കി. ഉപമുഖ്യമന്ത്രിപദം വിട്ടുകൊടുത്ത് വിട്ടുവീഴ്ചയ്ക്ക് ലീഗ് തയ്യാറല്ലെന്നു കുഞ്ഞാലിക്കുട്ടി അസന്ദിഗ്ധമായിപ്രഖ്യാപിച്ചു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗ് നേതാക്കള്‍ കോഴിക്കോട്ട് അടിയന്തരചര്‍ച്ച നടത്തി. അതേസമയം വൈകീട്ട് സോണിയാ ഗാന്ധിയെ കണ്ട രമേശ് ചെന്നിത്തല താന്‍ മന്ത്രിസഭയിലേക്കെത്താന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ചെന്നിത്തല ഹൈക്കമാന്‍ഡ് തീരുമാനം അഗീകരിക്കുമെന്നു മാത്രം പറഞ്ഞു. കേരള കോണ്‍ഗ്രസിന് ജോസ് കെ. മാണിയെ സഹമന്ത്രിയാക്കണം. അതിന് അനുകൂലമറുപടി ലഭിച്ചില്ല. അതോടെ ദല്‍ഹിക്കു പോകാനുള്ള തീരുമാനംമാറ്റി. ഉപമുഖ്യമന്ത്രിസ്ഥാനം വിട്ടു നല്‍കിയുള്ള വിട്ടുവീഴ്ച്ചയ്ക്കും അതു സംബന്ധിച്ച ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നു കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് കുഞ്ഞാലിക്കുട്ടിയു ം പറഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാണ് ഈ കടുപ്പിച്ചനിലപാട്. മുസ്ലിം ലീഗ് യോഗംകഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഇ.ടി മുഹമ്മദ് ബഷീര്‍ ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി.
ഇ.അഹമ്മദിനു സ്വതന്ത്ര ചുമതല, ലോക്സഭാ ഇലക്ഷനില്‍ നിലവിലുള്ള രണ്ടു സീറ്റിനുപകരം മൂന്നു സീറ്റ് എന്നിവ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പു തരാനാവില്ലെന്നും ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ മാത്രമേ കാര്യങ്ങള്‍ക്ക് അന്തിമതീരുമാനം ഉണ്ടാക്കാന്‍ പറ്റുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചതായാണ് സൂചന. ഉറപ്പുകിട്ടാതെ തങ്ങള്‍ ദല്‍ഹിയിലേക്ക് ചര്‍ച്ചയ്ക്കില്ലെന്ന് ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രിപദം എന്നൊരു കസേര ഉണ്ടെങ്കില്‍ അത് ലീഗിന് അവകാശപ്പെട്ടതാണെന്നാണ് ലീഗിന്റെ പ്രതികരണം. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കി യിരുന്നതാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് നിലപാടുകളെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം. മാണിയും രംഗത്തിറങ്ങി. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് നേതൃത്വം തനിച്ചു തീരുമാനിച്ചാല്‍ പോരെന്നും മാണി കോട്ടയത്ത് പറഞ്ഞു. കോണ്‍ഗ്രസ്സിന് തീരുമാനിക്കാമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. മന്ത്രിസഭയുമായി ബന്ധപ്പെട്ടതായതിനാല്‍ ഉപമുഖ്യമന്ത്രിപദവും യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. മുഖ്യമന്ത്രിയെ പോലും തീരുമാനിച്ചത് യുഡിഎഫ് യോഗം ചേര്‍ന്നാണ്. എന്നാല്‍ ഉപമുഖ്യമന്ത്രിപദവി സംബന്ധിച്ച വിഷയം മുന്നണിക്കുള്ളില്‍ ഇതുവരെ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല.
കേന്ദ്രമന്ത്രി സ്ഥാനം കേരള കോണ്‍ഗ്രസി(എം)ന്റെ അര്‍ഹതപ്പെട്ടതാണ്. ഇക്കാര്യം കോണ്‍ഗ്രസ് അനുഭാവപൂര്‍വം പരിഗണിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ദല്‍ഹിക്കു പോവാതിരുന്നതു കോണ്‍ഗ്രസ് ഹൈക്കമാന്റ് വിളിക്കാതിരുന്നിട്ടാണ്. ദല്‍ഹിയിലേക്കു വിളിപ്പിക്കുമെന്നു മുഖ്യമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വം അറിയിക്കാതെ ഏങ്ങനെയാണ് ചര്‍ച്ചകള്‍ക്കായി പോവുക. മന്ത്രിസഭാ പുനഃസംഘടന നീട്ടിക്കൊണ്ടു പോവുന്നതു ശരിയല്ലെന്നും തീരുമാനം ഉടന്‍ വേണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. ഇതോടെ രമേശ് മന്ത്രിയായാലും യുഡിഎഫിലെ തര്‍ക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകതന്നെയാണെന്ന് വ്യക്തമാവുകയാണ്.
കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: